വിഴിഞ്ഞം: കൂറ്റൻമരത്തിൽ പുളി പറിക്കാൻ കയറിയ യുവാവ് താഴെയിറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി.
മുല്ലൂർ ചെറിയ കുഴിയം വിളമേക്കരൂകത്ത് വീട്ടിൽ രാജീവ (27) നെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കിടാരക്കുഴി ചേനവിള വീട്ടിൽ സതീഷ് കുമാറിന്റെ വീടിനു സമീപത്തെ പുളിയിൽ കയറിയ രാജീവൻ കൈ കാലുകൾ തളർന്ന് അവശനിലയിൽ കുടുങ്ങുകയായിരുന്നു.
ഉടമസ്ഥൻ എറിഞ്ഞ് കൊടുത്ത കയർ കൊണ്ട് ബന്ധിച്ചിരുന്നതിനാൻ താഴെ വീഴാതെ പിടിച്ചിരുന്നു.വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വളരെ ഉയരത്തിൽ യുവാവ് കുടുങ്ങിയതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. സീനിയർ ഫയർമാൻ രാജശേഖരൻ നായർ ,എം.എസ്.ഹരി പ്രസാദ്, വി.ആർ.അരുൺകുമാർ എന്നിവർ ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ വലയുടെ ഉപയോഗിച്ച് യുവാവിനെ താഴെയിറക്കി.
സ്റ്റേഷൻ ഓഫീസർ രാമമൂർത്തി ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ, ഫയർമാൻമാരായ മോഹനൻ, അഭിലാഷ് ,വൈജേന്ദ്രകുമാർ, സജികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.