കല്‍പ്പറ്റ: വൈത്തിരി അമ്മാറയിലെ ഹോംസ്റ്റേയില്‍ മരിച്ചനിലയില്‍ കണ്ട തിരുവമ്പാടി സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
സ്വകാര്യ ബസ് ഡ്രൈവര്‍ കൊല്ലംപറമ്പില്‍ കെ.കെ. മനോജ്(36), കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് തമ്പലമണ്ണ ഡോളി ലതിക(36) എന്നിവരാണ് ഹോംസ്റ്റേയില്‍ മരിച്ചത്.
അവിവാഹിതനാണ് മനോജ്. രണ്ടു കുട്ടികളുടെ മാതാവാണ് ഡോളി. 18നു രാവിലെ 11 ഓടെയാണ് ഇരുവരും ഹോംസ്റ്റേയില്‍ എത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ജീവനക്കാര്‍ വിളിച്ചപ്പോള്‍ മുറിയില്‍നിന്നു പ്രതികരണം ഉണ്ടായില്ല.
വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും അനക്കമറ്റ നിലയില്‍ കണ്ടത്. പോലീസ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന.
ഇന്നു രാവിലെയാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു അയച്ചത്.