പത്തനാപുരം :ജനങ്ങളുടെ ജീവനും സ്വന്തിനും സംരക്ഷണം നൽകേണ്ട കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ അവസ്ഥ പരിതാപകരം.നാടു സംരക്ഷിക്കുവാൻ രാപ്പകൽ ഓടി നടക്കുന്ന ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെത്തിയാൽ ഒന്നിരിക്കാൻ പോലും സ്ഥലമില്ല.
കുടുസു മുറികളില്‍ നിന്ന് തിരിയാൻ പോലും ഇടമില്ലാതെ വീർപ്പ് മുട്ടുകയാണ് നിയമപാലകർ.സ്റ്റേഷൻ ചുമതല സർക്കിൾ ഇൻസ്പെക്ടർ ഏറ്റെടുത്തതോടെ എസ് ഐ ക്ക് ഇരിക്കാൻ കസേരയും ഇല്ലാതെയായി. ഉളള സ്ഥലത്ത് ഞെരുങ്ങിയിരുന്നാണ് ജോലിനോക്കുന്നത്.
മിക്കവരും പുറത്തുളള താൽകാലിക ഷെഡിലിരുന്നാണ് കേസുകൾ പരിശോധിക്കുന്നത്.പുറത്തു നിന്നു നോക്കിയാൽ ഭംഗിയുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിനേക്കാൾ ദയനീയമാണ് ഉൾവശം.
വേനൽ കടുത്തതോടെ കുടിവെളളമില്ലാത്തതാണ് മറ്റൊരു പ്രശ്നം.ഒന്നു വിശ്രമിക്കാനോ വസ്ത്രം മാറുവാനോ ക്വാട്ടേഴ്സുമില്ല. സമീപത്തായി മറ്റൊരു കെട്ടിടം നിർമ്മിച്ച് നിയമപാലകരുടെ പരാതിക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.