കോട്ടയം: കുപ്രസിദ്ധ വാഹന മോഷ്ടാവ് കോയന്പത്തൂർ ഉക്കടം ടിപ്പുനഗർ കോളനിയിൽ മുഹമ്മദ് റഫീക്കി ( ഭായി റഫീഖ്, തെറാപ്പ് റഫീഖ്- 56) നെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി.
1998 ഫെബ്രുവരി 14നു 60 പേർ കൊല്ലപ്പെട്ട കോയന്പത്തൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയും, നിരോധിത അൽ ഉമ്മ തീവ്രവാദിയുമാണ് മുഹമ്മദ് റഫീഖ്.
കേസിൽ ഇയാളുടെ സഹോദരനും അൽ ഉമ്മ കമാൻഡറുമായ മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ മരണപ്പെട്ടിരുന്നു. സ്ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് കോയന്പത്തൂർ ഉക്കടത്തുള്ള മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
ഈ കേസിൽ ജയിലിൽ പോയ റഫീഖ് , 2007 – 2008 കാലയളവിലാണു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. തുടർന്ന് വാടാനപ്പള്ളി സ്വദേശി ഇല്യാസ്, ആലുവ സ്വദേശി നിഷാദ്, പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറു കണക്കിനു കാറുകളാണു തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്ക് കടത്തിയത്.
വർഷങ്ങളായി കേരള പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. മോഷണം നടത്തുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിയാലുടൻ എൻജിൻ നന്പരും ചേസ് നന്പരും മാറ്റിയശേഷം പൊളിച്ച് മറ്റു സ്ഥലങ്ങളിലേക്കു കടത്തുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു.
ഇന്നോവ, എർട്ടിഗ, എക്സ്യുവി തുടങ്ങി ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണു തമിഴ്നാട്ടിലേക്കു കടത്തിയത്. കോട്ടയത്തുനിന്ന് റിട്ട. എസ്ഐയുടെ ഇന്നോവ കാർ കടത്തിയതുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പാലക്കാടും കോയന്പത്തൂരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയന്പത്തൂർ ഉക്കടത്തെ താമസ സ്ഥലത്തു നിന്നും ഇയാളെ പിടികൂടിയത്.
ഇതോടെ സംഭവസ്ഥലത്ത് മുഹമ്മദ് റഫീഖിന്റെ അനുയായികൾ തടിച്ചുകൂടിയെങ്കിലും സാഹസികമായി പോലീസ് സംഘം വാഹനം ഓടിച്ച് പ്രതിയുമായി കേരളത്തിലേക്ക് പോരുകയായിരുന്നു.
കോട്ടയത്തുനിന്നും റിട്ടയേർഡ് എസ്ഐയുടെ കാർ മോഷ്്ടിച്ച കേസിൽ തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം ആലുവ യുസി കോളജ് ചെറിയംപറന്പിൽ വീട്ടിൽ കെ.എ. നിഷാദ് (37) എന്നിവരെ നേരെത്ത് അറസ്റ്റു ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, എഎസ്ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.ജെ. സജീവ്, ഡി. സുദീപ്, കെ.ആർ. ബൈജു, വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.