അഞ്ചല്‍ : കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ മുപ്പതടിപാലത്തിന് സമീപത്തു നിന്നുമാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. ബൈക്ക് യാത്രികരാണ് വെടിയുണ്ടകള്‍ ആദ്യം കാണുന്നത്.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ വസ്തുവില്‍ സംശയം തോന്നി തട്ടി നോക്കിയപ്പോഴാണു വെടിയുണ്ടകളാണെന്ന് അറിയുന്നത്.
കുളത്തൂപ്പുഴ എസ് ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തു പരിശോധന നടത്തി. വെടിയുണ്ടകള്‍ കണ്ടെടുത്ത സ്ഥലത്തുനിന്ന് ഇവ പൊതിഞ്ഞു എന്നു കരുതുന്ന പേപ്പറുകള്‍, കീറിയ നിലയില്‍ ബില്ലുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെടിയുണ്ടകള്‍ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
വെടിയുണ്ട കണ്ട വനമേഖലയിലും ബോംബ് സ്ക്വാഡിന്റെ അടക്കം പരിശോധന നടക്കുന്നുണ്ട്. കണ്ടെടുത്ത വെടിയുണ്ടകള്‍ പാക്കിസ്ഥാൻ നിര്‍മിതമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
വെടിയുണ്ടകളില്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയോടു സാമ്യമായ മുദ്ര അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ഒാർഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പിഒഎഫ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
7.62 എംഎം അളവിലുള്ള ഉണ്ടാകളാണിതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് വെടിയുണ്ട ലഭിച്ചത് സംബന്ധിച്ച അറിയിപ്പ് റൂറല്‍ പോലീസ് നല്‍കിക്കഴിഞ്ഞു.