തിരുവനന്തപുരം: തിരുവനന്തപുരം തന്പാനൂരിൽ സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രങ്ങളിൽ റെയ്ഡിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ.
വീറ്റോ എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയാണു വിജിലൻസ് സംഘം പിടികൂടിയത്.
ഉദ്യോഗസ്ഥർക്ക് അവധിയെടുത്തു പഠിപ്പിക്കാൻ പോകാൻ അനുമതിയുണ്ട്. എന്നാൽ അവധിയെടുക്കാതെ ചട്ടം ലംഘിച്ചാണ് ഇദ്ദേഹം പിഎസ്സി കേന്ദ്രങ്ങളിൽ അധ്യാപനത്തിന് എത്തിയതെന്നാണു വിവരം. അങ്ങനെയെങ്കിൽ ഇയാൾക്കെതിരെ നടപടികളെടുക്കാൻ വിജിലൻസ് ശിപാർശ നൽകും.
തലസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രങ്ങളിലെല്ലാം വിജിലൻസ് പരിശോധന നടത്തുന്നുണ്ട്. ലക്ഷ്യ, വീറ്റോ എന്നീ കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചാണു പരിശോധന. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ഷിബുവിന്റെ ഭാര്യയുടെ പേരിലുള്ളതാണു ലക്ഷ്യ എന്ന പരിശീലന കേന്ദ്രം.
രഞ്ജൻ എന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലുള്ള വീറ്റോ എന്ന സ്ഥാപനം, മൂന്നു സുഹൃത്തുക്കളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
അതേസമയം പരിശോധനയ്ക്ക് എത്തുന്നതിനു മുന്പു തന്നെ സുപ്രധാന പല രേഖകളും ഓഫീസുകളിൽനിന്നു മാറ്റിയതായി വിജിലൻസിന് സംശയമുണ്ട്. വിദ്യാർഥികളിൽനിന്നു വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശന്പള രജിസ്റ്റർ എന്നിവ മാറ്റിയതായാണു സംശയം.
പിഎസ് സി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു വിജിലൻസ് പരിശോധന ആരംഭിച്ചത്. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണു പിഎസ് സി സെക്രട്ടറി പരാതി നൽകിയത്.
വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്പി പ്രസാദാണു കേസ് അന്വേഷിക്കുന്നത്.