ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോളിൽ എട്ട് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സമനില പൊരുതി നേടി കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണ് അവസാനിപ്പിച്ചു. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും ഒഡീഷയും 4-4 സമനിലയിൽ പിരിഞ്ഞു.
ഒരു തവണ മുന്നിലെത്തുകയും പിന്നീട് പിന്നിലാകുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമിലെ പെനൽറ്റി ഗോളിലൂടെയാണ് സമനിലയിൽ എത്തിയത്.
ഒഡീഷയ്ക്കായി മാനുവൽ ഒൻവു ഹാട്രിക്ക് നേടി. ഒന്ന്, 36, 51 മിനിറ്റുകളിലായിരുന്നു ഒൻവുവിന്റെ ഗോളുകൾ. 44-ാം മിനിറ്റിൽ മാർട്ടിൻ പെരെസ് ഗ്വേഡസ് പെനൽറ്റിയിലൂടെ ആതിഥേയരുടെ നാലാം ഗോളും സ്വന്തമാക്കി.
ആറാം മിനിറ്റിൽ നാരായൻ ദാസിന്റെ സെൽഫ് ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനിലയിലെത്തിയത്. 28-ാം മിനിറ്റിൽ മെസി ബൗളിയിലൂടെ മഞ്ഞപ്പട മുന്നിൽ എത്തി. എന്നാൽ, 4-2നു പിന്നിലായ കേരള സംഘത്തെ ഒഗ്ബെച്ചെ (82, 90+4) നേടിയ രണ്ട് പെനൽറ്റി ഗോളാണ് സമനിലയിലെത്തിച്ചത്.
18 മത്സരങ്ങളും പൂർത്തിയായപ്പോൾ നാല് ജയവും ഏഴ് വീതും സമനിലയും തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 19 പോയിന്റുമായി ഏഴാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തു. ഒഡീഷ ആറാമതാണ്. സീസണിലെ അവസാന ലീഗ് പോരാട്ടത്തിൽ ഇന്ന് നോർത്ത് ഈസ്റ്റും ചെന്നൈയിനും ഏറ്റുമുട്ടും.
ഫൈനൽ ഗോവയിൽ
ഐ എസ്എൽ ഫൈനൽ ഗോവയിൽ നടക്കും. മാർച്ച് 14ന് ഫത്തോർദ സ്റ്റേഡിയത്തിലാകും കലാശക്കളി. ലീഗ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ചെയർപേഴ്സൻ നിത അംബാനിയാണ് ഫൈനൽ വേദി പ്രഖ്യാപിച്ചത്. 2015 സീസണ് ഫൈനലിന് ഗോവയാണ് ആതിഥ്യം വഹിച്ചത്.
അന്ന് ആതിഥേയരായ എഫ്സി ഗോവയെ തോൽപ്പിച്ച് ചെന്നൈയിൻ കിരീടം നേടിയിരുന്നു.സെമി ഫൈനലിലെ ആദ്യ പാദ മത്സരങ്ങൾ ഫെബ്രുവരി 29നും മാർച്ച് ഒന്നിനും നടക്കും.
രണ്ടാം പാദ മത്സരം മാർച്ച് ഏഴിനും എട്ടിനുമാണ് നടക്കുക. എഫ്സി ഗോവ, എടികെ, ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി എന്നിവ പ്ലേ ഓഫിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് x ചെന്നൈയിൻ എഫ്സി മത്സരത്തോടെയേ സെമി ലൈനപ്പ് വ്യക്തമാകൂ.