കോട്ടയം: ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി സനിലനെയാണ് (സനൽ-38) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
മരപ്പണിക്കാരനായ ഇയാൾ പണിക്കായി കുമരകത്ത് എത്തിയപ്പോഴാണ് പിടികൂടിയത്. 2010ൽ ചിങ്ങവനത്ത് വാടകയ്ക്കു താമസിക്കുന്ന കാലത്തായിരുന്നു ഇയാൾ ഏട്ടുവയസുള്ള കുട്ടിയോടു മോശമായി പെരുമാറിയത്.
ഇക്കാര്യം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടെ 2014ൽ കുട്ടിയുടെ അച്ഛൻ കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സ്വന്തമാക്കി മകളെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി.
അച്ഛനൊപ്പം താമസിക്കുന്നതിനിടെ ശാരീരിക-മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കി. ഇതിൽ വർഷങ്ങൾക്കു മുന്‍പു നടന്ന സംഭവം കുട്ടി വെളിപ്പെടുത്തി.
തുടർന്നു കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ചിങ്ങവനം പോലീസിനു കൈമാറി. ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.