കുറുപ്പന്തറ: പോലീസുകാരന്റെ നായയെ വീട്ടുമുറ്റത്തുനിന്ന് ഓടിച്ചുവിട്ടുവെന്ന കാരണത്താൽ കുടുംബാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരേ കേസെടുത്തതായി പോലീസ്.
മാഞ്ഞൂർ പഞ്ചായത്തംഗമായിരുന്ന മാഞ്ഞൂർ മണിതൊട്ടിൽ സണ്ണി (50), ഭാര്യ മിനി (45), മക്കളായ സുരജ് (16), ഡോണ (12), കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിജു (45), ഭാര്യ ദീപ്തി (40) എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ടത്.
സണ്ണിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്ത് ബിജുവിനും കുടുംബത്തിനുമെതിരേയും ബിജുവിന്റെയും കുടുംബത്തിന്റെയും മൊഴിയെടുത്ത് സണ്ണിയുടെയും കുടുംബത്തിനുമെതിരേയും കേസെടുത്തതായാണ് പോലീസ് അറിയിച്ചത്.
സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നത്. സണ്ണിയുടെ വീട്ടുമുറ്റത്തേക്കു കയറി വന്ന ബിജുവിന്റെ നായയെ സണ്ണിയുടെ മകൻ പുറത്തേക്കു ഓടിച്ചു വിട്ടു.
ഇതു കണ്ടുകൊണ്ടു വന്ന ബിജു നായയെ തല്ലിയെന്ന് ആരോപിച്ചു സണ്ണിയുടെ മകനെ മർദിച്ചു. ഇതുകണ്ട് ഓടിയെത്തിയ സണ്ണിയെയും കുടുംബാംഗങ്ങളെയും ബിജുവും കുടുംബാംഗങ്ങളും ചേർന്ന് മർദിക്കുകയായിരുന്നു.
എന്നാൽ സണ്ണിയുടെ മകൻ നായയെ തല്ലുന്നത് കണ്ട് തടയാൻ ശ്രമിക്കുന്പോൾ സണ്ണി ഓടിയെത്തി തന്നെ മർദിക്കുകയായിരുന്നുവെന്നും തുടർന്ന് താൻ തടയാൻ ശ്രമിച്ചപ്പോൾ കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് തന്നെയും ഭാര്യയെയും മർദിക്കുകയായിരുന്നുവെന്നു ബിജു പറയുന്നു.
മർദനത്തിൽ പരിക്കേറ്റ ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി.