ഏറ്റുമാനൂർ: നഗരസഭയുടെ പരിധിയിൽ വരുന്ന പുതിയ പട്ടിത്താനം -മണർകാട് ബൈപാസിൽ പാറകണ്ടത്തിനു സമീപമുള്ള കലുങ്ക് , മംഗളം കലുങ്ക് എന്നിവിടങ്ങളിലെ തോടുകളിലേക്ക് മാലിന്യം തള്ളുന്നതു പതിവായി.
മാലിന്യ നിർമാർജനത്തിനു വലിയ പദ്ധതികൾ പ്രഖ്യപിച്ചിട്ടുള്ള നഗരസഭയാണ് ഏറ്റുമാനൂർ. പക്ഷേ പ്രഖ്യാപനമല്ലാതെ പദ്ധതികളൊന്നും പ്രാവർത്തികമായിട്ടില്ല. നഗരസഭയുടെ പരിധിക്കുള്ളിൽ പലയിടത്തും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നുണ്ട്. മാലിന്യങ്ങൾ തള്ളുന്നതോടെ ജലാശയങ്ങൾ വൃത്തികേടായി.
ഏറ്റുമാനൂർ ടൗണിലെ മുഴുവൻ കക്കൂസ് മാലിന്യവും പാറകണ്ടത്തിലെ തോട്ടിലേക്കാണ് എത്തിച്ചേരുന്നത്. തോട് മാലിന്യവാ ഹിനിയായതോടെ പ്രദേശത്ത് വലിയ ദുർഗന്ധം വമിക്കുന്നു. അടുത്തിടെയാണ് പട്ടിത്താനം -മണർകാട് ബൈപാസിന്റെ നിർമാണം പൂർത്തിയായത്.
ഇവിടെ ബൈപാസ് റോഡിന്റെ വശങ്ങളിലെ കൃഷിയിടങ്ങളിലേക്കും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്കും കക്കൂസ് മാലിന്യം തള്ളുന്നതും പതിവാണ്. വലിയ പ്രതിഷേധമാണ് ഈ പ്രശ്നത്തിൽ പ്രദേശത്തെ ജനങ്ങൾക്കുള്ളത്.
ഇത്തരത്തിൽ തള്ളുന്ന മാലിന്യങ്ങൾ മഴക്കാലത്തു പ്രദേശത്തുള്ള കിണറുകളിലാണ് എത്തിച്ചേരുന്നത്. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാലിന്യം തള്ളുന്നത് തടയാനുള്ള മാർഗങ്ങൾ അധികൃതർ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.