ചേർത്തല: വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകരായെത്തിയ യുവാക്കൾ സ്വർണാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് തിരികെ നല്കി മാതൃകയായി.
മരുത്തോർവട്ടം തീയ്യാട്ടുവെളി നവീൻ(33), മരുത്തോർവട്ടം വേദനാട് ജോബി (38), ജോജി ഈരാറ്റുപുഴ(34) , ജോബി ഈരാറ്റുപുഴ (34) എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദേശീയപാതയിൽ ചേർത്തല കെവിഎം ആശുപത്രിക്കുസമീപം ഇന്നലെ ഉച്ചയ്ക്ക് 11 ഓടെയായിരുന്നു അപകടം. അന്പലപ്പുഴയിലെ കുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടം ഉണ്ടാകുന്നത്. സ്കൂട്ടറിൽ അച്ഛനും മകളും മകളുടെ പിഞ്ചുകുഞ്ഞുമാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ പിഞ്ചുകുഞ്ഞ് തെറിച്ച് റോഡിനു സമീപമുള്ള പുല്ലിൽ വീഴുകയായിരുന്നു. സ്കൂട്ടറിൽനിന്നു താഴെ വീണു ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന കുടുംബത്തെ സമീപമുണ്ടായിരുന്ന മരുത്തോർവട്ടം പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് അലങ്കാരം നടത്തിക്കൊണ്ടിരുന്ന യുവാക്കളാണ് കാണുന്നത്.
തുടർന്ന് ഇവർ എത്രയും വേഗം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. റോഡിൽ തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ അവരുടെ കാറിൽ സമീപമുള്ള കെവിഎം ആശുപത്രിയിൽ ആദ്യം എത്തിച്ചു. പിന്നാലെ സ്ത്രീയെയും അച്ഛനെയും മറ്റോരു ഓട്ടോറിക്ഷയിൽ എത്തിക്കുകയുമായിരുന്നു.
പരിക്ക് ഗുരുതരമായതിനാൽ ഇവരെ പിന്നീട് വിദ്ഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽനിന്ന് ഇവർ മടങ്ങുന്നവഴിയിൽ അപകടത്തിൽപ്പെട്ട സ്കൂട്ടർ മറ്റുള്ള വാഹനങ്ങൾക്ക് തടസം ഉണ്ടാകാത്തവിധത്തിൽ റോഡരികിൽ മാറ്റിവയ്ക്കാൻ വന്നപ്പോഴാണ് സ്വർണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് ലഭിക്കുന്നത്.
എട്ടുപവനോളം സ്വർണാഭരണങ്ങളും പണവും, ആധാർ, എടിഎം, ബാങ്ക് പാസ്ബുക്ക് തുടങ്ങി വിലപ്പെട്ട രേഖകളും അതിലുണ്ടായിരുന്നു. ഇവർ ഇതു ചേർത്തല പോലീസിനെ അറിയിക്കുകയും അവിടെ എത്തിക്കുകയായുമായിരുന്നു.
തുടർന്ന് ചേർത്തല പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയും ബാഗ് കൈമാറുകയും ചെയ്തു.