കങ്ങഴ: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചങ്ങനാശേരി മലങ്കുന്നം സ്വദേശി ഹരികുമാറിനാണ് (47) മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30നു കറുകച്ചാൽ മണിമല റോഡിൽ ഇലയ്ക്കാടിനു സമീപത്തായിരുന്നു അപകടം.
പത്തനാട് ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ഹരികുമാർ സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹരികുമാർ ബൈക്കിൽനിന്നും തെറിച്ച് റോഡിൽ വീണു.
ബൈക്ക് പൂർണമായും കാറിന്റ മുൻവശം ഭാഗികമായും തകർന്നു. ഗുരുതരമായി പരിക്കേറ്റു രക്തം വാർന്നു കിടന്ന ഹരികുമാറിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽകോളജിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് മണിമല റോഡിൽ 20 മിനിട്ടോളം ഗതാഗതം മുടങ്ങി. കറുകച്ചാൽ പോലീസ് എത്തിയ ശേഷമാണ് വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.