ചേർത്തല: കടയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അനുജൻ കുത്തേറ്റു മരിച്ചു. ജേഷ്ഠൻ ഒളിവിൽ. വയലാർ പഞ്ചായത്ത് രണ്ടാം വാർഡിൽ എട്ടുപുരയ്ക്കൽ ചിറയിൽ ശിവൻ (44) ആണ് മരിച്ചത്.
ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപം ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം. കുത്തേറ്റ് റോഡിൽ കിടന്ന ശിവനെ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശിവനും സഹോദരങ്ങളായ സൈജു, ബാബു എന്നിവരും ചേർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കടക്കരപ്പള്ളിയിൽ ഹോട്ടൽ തുടങ്ങിയത്. ശിവന്റെ പേരിലാണ് കടയുടെ വാടക ചീട്ട് എഴുതിയിരുന്നത്.
കാഷ് കൗണ്ടറിലിരുന്ന് ബാബു കടയിൽ വരുന്ന ഇടപാടുകാരോട് അപമര്യാദയായി പെരുമാറുന്നതായിയുള്ള പരാതിയെ തുടർന്ന് കടയിൽ നിന്ന് പറഞ്ഞ് വിട്ടിരുന്നു. തുടർന്ന് ബാബു സഹോദരൻ സൈജുവിന്റെ ബൈക്ക് എടുത്തുകൊണ്ട് പോയി.
കടയിൽ നിന്ന് ഇയാളെ ഒഴിവാക്കിയതിന്റെ വൈരാഗ്യത്തിലാണ് ഇവിടെയെത്തിയ ബാബു ശിവനെ കുത്തി വീഴ്ത്തിയതെന്നും പോലീസ് പറഞ്ഞു. ശിവന്റെ തോളിലും വയറിലും നെഞ്ചിലുമാണ് കുത്തേറ്റത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പട്ടണക്കാട് പാറയിൽ ഭാഗത്ത് ഭാര്യ വീട്ടിലാണ് ശിവൻ താമസിക്കുന്നത്. ഭാര്യ: സുനിത. മക്കൾ: ശിവഗംഗ, ശക്തി. ഡിവൈഎസ്പി എ.ജി ലാൽ, സിഐ വി.പി മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ ഉൗർജിതമാക്കി.