ചെട്ടികുളങ്ങര: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടത്തുന്ന മഹത്തായ അന്നദാന വഴിപാടാണ് കുതിരമൂട്ടിൽ കഞ്ഞി. ദേവീ പ്രീതിയ്ക്കുവേണ്ടി കരയിലെ എല്ലാ കുടുംബങ്ങളും കെട്ടുകാഴ്ച നിർമാണത്തിൽ പങ്കെടുത്ത് സന്നദ്ധ സേവനം നടത്തുന്പോൾ ഇവർക്ക് ദേവി ഭക്ഷണം കണ്ടെത്തുന്നതായാണ് ഇതിന്റെ സങ്കൽപ്പം.
ഭക്ത ജനങ്ങളുടെ വഴിപാടായാണ് കഞ്ഞി നടത്തുക. കെട്ടുകാഴ്ച നിർമാണം തുടങ്ങുന്ന ശിവരാത്രി മുതൽ തന്നെ കുതിരമൂട്ടിൽ കഞ്ഞിയും ആരംഭിക്കും. നിത്യേന രണ്ടും മൂന്നും കഞ്ഞി വീതം ഓരോ കുതിര ചുവട്ടിലും നടക്കുന്നുണ്ട്.
ചില കരകളിൽ വീടുകളിൽ വെച്ചും കഞ്ഞി വഴിപാട് നടത്താറുണ്ട്. കഞ്ഞി കുടിക്കാനായി കരക്കാരെ വഴിപാടുകാർ താലപ്പൊലി കുത്തിയോട്ട പാട്ട് എന്നിവയുടെ അകന്പടിയോടെ സ്വീകരിച്ച് കുതിരമൂട്ടിലേക്ക് ആനയിക്കും. കഞ്ഞി, മുതിരപുഴുക്ക്, അസ്ത്രം, കടുക്മാങ്ങ, പപ്പടം, ഉണ്ണിയപ്പം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്ക് കൊടുക്കുക.
കഞ്ഞി കുടിക്കാൻ പഴയകാലത്തെ അനുസ്മരിപ്പിക്കും വിധം ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനില വെച്ചാണ് കഞ്ഞി വിളന്പുക.
ജാതിമത ചിന്തകളോ ഉച്ചനീചത്വങ്ങളോ വലിപ്പചെറുപ്പമോ ഇല്ലാതെ എല്ലാവരും നിലത്ത് ചമ്രം പിടഞ്ഞിരുന്ന് കഞ്ഞി കുടിക്കുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. ദേവി ആദ്യം ചെട്ടികുളങ്ങരയിൽ എത്തിയപ്പോൾ കഴിച്ച ആഹാരം കഞ്ഞിയും മുതിരപുഴുക്കും അസ്ത്രവുമാണെന്നാണ് ഐതിഹ്യം.
ഓണാട്ടുകരയിലെ കർഷക സമൂഹം തങ്ങളുടെ വിളകളിൽ പ്രധാനമായ അരി, ചേന, കാച്ചിൽ ചേന്പ്, മുതിര തുടങ്ങിയവ കൊണ്ടുണ്ടാക്കിയ വിശിഷ്ടഭോജ്യങ്ങൾ തങ്ങളുടെ എല്ലാമെല്ലാമായ ദേവിക്ക് നേദിക്കുന്നത് സ്വാഭാവികമാണെന്ന് ചരിത്രകാര·ാർ ചൂണ്ടിക്കാട്ടുന്നു.