അടൂർ: രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന തരത്തിൽ കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കിയതിലൂടെ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ ദീർഘവീക്ഷണം ചരിത്രത്തിന്റെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി അടൂരിൽ കർഷക മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1957ലെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാരായിരുന്നു കേരളത്തിൽ കർഷക പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
അന്ന് ഇതിനായി സിപിഐ നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്ന അച്യുതമേനോൻ. കാലാവധി പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ പരിഷ്കരണ ബിൽ നടപ്പിലാക്കാൻ ആദ്യ സർക്കാരിനായില്ല. പിന്നീടു വന്ന സപ്ത കക്ഷി സർക്കാരിനും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് നിയമമാക്കാൻ കഴിഞ്ഞില്ല.
സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ സർക്കാർ ഭരണഘടനയുടെ ഒന്പതാം പട്ടികയിൽ ഉൾപ്പെടുത്തി അതിനെ ആർക്കും സ്വന്തം ഇഷ്ടപ്രകാരം കോടതിയിലെത്തിക്കാൻ കഴിയാതെ അതിനെ സംരക്ഷിക്കുക കൂടി ചെയ്തു.
മുന്നോട്ടുവച്ച ആശയങ്ങൾ ആർജ്ജവത്തോടെ നടപ്പിലാക്കുകയാണ് അച്യുതമേനോൻ ചെയ്തത്. അർഹരായവർക്ക് പട്ടയം നൽകിയതിലൂടെയും കാർഷികമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതിലൂടെയും സിപിഐ മന്ത്രിമാർ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കിസാൻ സഭാ സംസ്ഥാന പ്രസിഡന്റ് ജെ. വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. കിസാൻ സഭാ ദേശീയ ജനറൽ സെക്രട്ടറി അതുൽ കുമാർ അഞ്ജാൻ, കിസാൻ സഭാ ദേശീയ ജനറൽ സെക്രട്ടറി അതുൽ കുമാർ അഞ്ജാൻ, ദേശീയ സെക്രട്ടറി സത്യൻ മൊകേരി, മന്ത്രി വി.എസ്. സുനിൽ കുമാർ, സംസ്ഥാന സെക്രട്ടറി വി. ചാമുണ്ണി, ചിറ്റയം ഗോപകുമാർ എംഎൽഎ, ജനറൽ കണ്വീനർ എ.പി. ജയൻ, മുണ്ടപ്പള്ളി തോമസ്, പി.ആർ. ഗോപിനാഥൻ, എം.വി. വിദ്യാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.