മറയൂർ: കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മറയൂർ ഇറിഗഷൻ കോംപ്ലക്സിനു പിന്നിൽ കനാലിനോടു ചേർന്നാണ് ഇന്നു രാവിലെ ആറോടെ മൃതദേഹം കണ്ടെത്തിയത്.
മറയൂർ സ്വദേശി മാരിയപ്പന്റെ മൃതദേഹമാണെന്ന് പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് അറുപതു വയസിനടുത്ത് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം ശരീരമാസകലം മുറിവുകളോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതായി സമീപവാസികൾ മറയൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചത്.
മറയൂർ സിഐ പി.ആർ.ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനയിലാണ് മാരിയപ്പന്റെ മൃതദേഹമാണെന്ന് വ്യക്തമായത്.
മറയൂർ മുൻ വനിത പഞ്ചായത്ത് പ്രസിഡന്റിന്റെ പിതാവാണ് മാരിയപ്പൻ. പിടിയിലായവരും മാരിയപ്പനും ഇന്നലെ സംഘം ചേർന്ന് മദ്യപിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു.
തുടർന്നാണ് മാരിയപ്പനൊപ്പമുണ്ടായിരുന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുള്ളതായി കണ്ടെത്തി.
കഴുത്തിൽ കുത്തേറ്റ മാരക മുറിവുമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതിനു ശേഷം സ്ഥലത്ത് പോലീസ് ശാസ്ത്രീയ പരിശോധന നടത്തും.