മട്ടാഞ്ചേരി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.
ഹോട്ടലുകളിലും ഇതര സ്ഥാപനങ്ങളിലുമാണ് ഇത്തരത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ് സിഡി നിരക്കില്‍ ലഭിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി വ്യാപകമായിട്ടുള്ളത്.
ഒരു വര്‍ഷം ഒരു കുടുംബത്തിന് പന്ത്രണ്ട് സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്. കൂടുതലായി ലഭിക്കുന്ന സിലിണ്ടര്‍ ഹോട്ടലുകള്‍, ബേക്കറി, തട്ടുകടകള്‍ തുടങ്ങിയിടങ്ങളില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന പരാതി.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് വാണിജ്യാവശ്യത്തിന് നല്കുന്ന സിലിണ്ടറുകള്‍ ലഭിക്കുമെന്നിരിക്കെയാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ ദുരുപയോഗം.
കൊച്ചിയിലും പരിസര മേഖലകളിലും ഇത്തരത്തില്‍ വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തില്‍ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ഭക്ഷ്യ വകുപ്പ് അധികൃതര്‍. ഗ്യാസ് ഏജന്‍സികളും ഗാര്‍ഹിക സിലിണ്ടറുകള്‍ വ്യാപകമായി തിരിമറി നടത്തുന്നുണ്ട്.
ഇതും പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. സിലിണ്ടറുകള്‍ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.