ചേർത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷനേഴ്സ് കൗണ്‍സിൽ എന്നിവയുടെ സംയുക്തയോഗം ചേർത്തല ട്രാവൻകൂർ പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷക, ചെത്തു തൊഴിലാളികൾ തിങ്ങിപാർക്കുന്ന കുട്ടനാട്ടിൽ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ട്. കുടുംബവകാശം പോലെയാണ് ചിലർ സീറ്റ് കൂത്തകയാക്കി വെച്ചിരിക്കുന്നത്.
ചെത്തുകാരേക്കാൾ നല്ലത് ബ്ലേഡ്കാരാണെന്ന് അഭിപ്രായപ്പെട്ട എൻസിപിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യർഥിക്കാൻ അർഹതയില്ല.
കേരള കോണ്‍ഗ്രസ് അധികാര ദുർമോഹികളുടെ ആൾകൂട്ടമായി അധപതിച്ചു. വളരുംതോറും പിളരുന്ന ഇവർ ഭരണത്തിലേറിയാൽ രാജ്യത്തെ നന്നാക്കാനല്ല സ്വയം നന്നാകാനാണ് ശ്രമിക്കുന്നത്.
വോട്ടു ബാങ്ക് രാഷ്ട്രീയത്തിലാണ് എല്ലാവരുടെയും കണ്ണ്. ഭരണ പങ്കാളിത്വത്തിൽ നിന്ന് പിന്നാക്കക്കാരനെ ആട്ടിപായിക്കാനാണ് മുന്നണികൾ മത്സരിക്കുന്നത്.
അധികാരത്തിൽ നിന്ന് അകറ്റപ്പെടുന്നതിനാൽ പിന്നാക്കക്കാരന് അർഹമായ ആനൂകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോ-ഓർഡിനേറ്റർ പി.വി. രജിമോമൻ അധ്യക്ഷത വഹിച്ചു. ഡോ.വി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.എം.രഘുവരൻ, സുധാകരൻ, സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. യോഗം കൗണ്‍സിലർമാരായ സി.എം.ബാബു കടുത്തുരുത്തി, പി.കെ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷനേഴ്സ് കൗണ്‍സിൽ എന്നിവയുടെ ലോഗോ പ്രകാശനവും നടന്നു. അജുലാൽ സ്വാഗതവും ജി.ചന്തു നന്ദിയും പറഞ്ഞു.
ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന ഭാരവാഹികളായി എസ്.അജുലാൽ -പ്രസിഡന്റ്, ഡോ.വി.ശ്രീകുമാർ-സെക്രട്ടറി, ബി.ശിവപ്രസാദ്-ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.