തിരുവനന്തപുരം : ബറ്റാലിയൻ എഡിജിപി സുധേഷ്കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച കേസിലുള്ള അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് ജസ്റ്റീസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
എസ്എപി ബറ്റാലിയനിലെ ഡ്രൈവറായ ഗവാസ്കറുടെ ഭാര്യ രേഷ്മ തൽഹത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്.ക്രൈംബ്രാഞ്ചിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എഡിജിപിയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരു കേസുകളും അന്വേഷിക്കുന്നത് തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ്.
കേസുകളിൽ എഫ്ഐആർ റദാക്കുന്നതിനായി പ്രതികളായ ഡ്രൈവർ ഗവാസ്കറും എഡിജിപിയുടെ മകൾ ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉത്തരവ് വന്നിട്ടില്ല. കേസന്വേഷണം പൂർത്തിയാക്കി എത്രയും വേഗം കോടതിയിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കേസന്വേഷണത്തിൽ കാലതാമസമുണ്ടന്നും എതിർകക്ഷിയെ ശിക്ഷിക്കാൻ നടപടിയുണ്ടാവണമെന്നും പരാതിക്കാരി ആക്ഷേപം സമർപ്പിച്ചു.