കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ഭര്‍ത്തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകനെ കേസില്‍ പ്രതി ചേര്‍ക്കാനായി അന്വേഷണസംഘം സര്‍ക്കാരിന് നല്കിയ അപേക്ഷയില്‍ ഒരു മാസമായിട്ടും നടപടിയായില്ല.
കുന്നമംഗലത്തെ അഭിഭാഷകനായ സി. വിജയകുമാറിനെ റോയ് തോമസ് വധക്കേസില്‍ അഞ്ചാം പ്രതിയാക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം.
എന്നാല്‍, ഇടതുപക്ഷ സംഘടനയുടെ വേണ്ടപ്പെട്ടയാളായ ഇയാള്‍ക്കെതിരേ നടപടിക്കുള്ള അനുമതി ലോ സെക്രട്ടറിയുടെ ഓഫീസിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
പ്രതിയാക്കാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേൽ ശക്തമായ സമ്മര്‍ദമുള്ളതായും അറിയുന്നു. കോഴിക്കോട്ടെ ചില നേതാക്കൾ തിരുവനന്തപുരത്തെത്തിയാണ് ചരടുവലി നടത്തിയത്.
നോട്ടറി എന്ന നിലയില്‍ ചെയ്യുന്ന ജോലിക്ക് നിയമസംരക്ഷണം ഉള്ളതിനാല്‍ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനാലാണു നിയമ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്.
വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ. മനോജ്കുമാർ ഈ കേസിൽ നാലാം പ്രതിയാണ്.
സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവായ വിജയകുമാര്‍ സിപിഎം നേതാവായ മനോജ്കുമാറിന്റെ നിര്‍ദേശപ്രകാരമാണു വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.