ലണ്ടൻ/നാപ്പോളി: യുവേഫ ചാന്പ്യൻസ് ലീഗിൽ ഇന്നും നാളെയുമായി വന്പൻ പോരാട്ടങ്ങൾ. ക്ലബ് ലോകത്തെ വന്പന്മാരായ റയൽ മാഡ്രിഡ്, ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, നാപ്പോളി തുടങ്ങിയവയുടെ ആദ്യ പാദ പ്രീക്വാർട്ടർ പോരാട്ടങ്ങൾ ഇന്നും നാളെയുമായി അരങ്ങേറും.
മുൻ ചാന്പ്യന്മാരായ ചെൽസിയും ബയേണ്‍ മ്യൂണിക്കും തമ്മിലും നാപ്പോളിയും ബാഴ്സലോണയും തമ്മിലുമാണ് ഇന്നത്തെ മത്സരങ്ങൾ. ഇന്ത്യൻ സമയം രാത്രി 1.30നാണ് രണ്ട് മത്സരങ്ങളുടെയും കിക്കോഫ്.
നാളയാണ് പ്രീക്വാർട്ടറിലെ പോരാട്ടങ്ങളുടെ പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്ന റയൽ മാഡ്രിഡ് x മാഞ്ചസ്റ്റർ സിറ്റി കൊന്പുകോർക്കൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസും നാളെ ഇറങ്ങുന്നുണ്ട്.
2012 ഫൈനൽ
ഇംഗ്ലീഷ് സംഘമായ ചെൽസിയും ജർമൻ ശക്തിയായ ബയേണ്‍ മ്യൂണിക്കും തമ്മിലായിരുന്നു 2012ലെ ചാന്പ്യൻസ് ലീഗ് ഫൈനൽ. അന്ന് നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. 4-3ന്റെ ജയത്തോടെ ചെൽസി കിരീടം സ്വന്തമാക്കി.
ചെൽസിയും ബയേണും ചാന്പ്യൻസ് ലീഗിൽ നേർക്കുനേർവന്ന അവസാന മത്സരം അതായിരുന്നു. ഇന്നത്തെ മത്സരം ചെൽസിയുടെ തട്ടകമായ സാറ്റാംഫോഡ് ബ്രിഡ്ജിലാണ്. ഇരു ടീമുകളും നേർക്കുനേർ ഇറങ്ങുന്പോൾ ഗോളുകൾക്ക് പഞ്ഞമില്ലെന്നതും ചരിത്രം. നാല് തവണ മുന്‍പ് നേരിട്ടപ്പോൾ 17 ഗോളാണ് പിറന്നത്. 2013-14നുശേഷം ചെൽസി പ്രീക്വാർട്ടർ കടന്നിട്ടില്ലെന്നതും ശ്രദ്ധേയം.
തുടർച്ചയായ 12-ാം തവണയാണ് ബയേണ്‍ നോക്കൗട്ടിൽ പ്രവേശിക്കുന്നത്. റയൽ മാഡ്രിഡ് (23), ബാഴ്സലോണ (16) എന്നിവ മാത്രമാണ് ഇക്കാര്യത്തിൽ ബയേണിനു മുന്നിലുള്ളത്.
ആദ്യ പോരാട്ടം
നാപ്പോളിയുടെ തട്ടകത്തിലാണ് ബാഴ്സ ഇറങ്ങുക. ഇറ്റലിയിൽനിന്നുള്ള നാപ്പോളിയും സ്പെയിനിൽനിന്നുള്ള ബാഴ്സയും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. സ്പാനിഷ് ടീമുകൾക്കെതിരായ ചാന്പ്യൻസ് ലീഗ്/യൂറോപ്യൻ കപ്പ് രണ്ട് പാദ നോക്കൗട്ട് പോരാട്ടങ്ങളിൽ നാപ്പോളി ജയം നേടിയ ചരിത്രമില്ല. രണ്ട് തവണയും റയൽ മാഡ്രിഡിനോടായിരുന്നു നാപ്പോളിയുടെ പരാജയം.
ഇറ്റാലിയൻ സംഘത്തിനെതിരേ ചാന്പ്യൻസ് ലീഗ് നോക്കൗട്ട് എവേ പോരാട്ടത്തിൽ 2006നുശേഷം ബാഴ്സലോണയ്ക്ക് ജയം നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. പിന്നീട് ഒരു സമനിലയും നാല് തോൽവിയുമാണ് ഇറ്റാലിയൻ മണ്ണിൽ ബാഴ്സയ്ക്കു നേരിട്ടത്.
2006ൽ എസി മിലാനെയായിരുന്നു ബാഴ്സ കീഴടക്കിയത്. അന്ന് മിലാനൊപ്പമുണ്ടായിരുന്ന ജെന്നാരൊ ഗട്ടൂസൊയാണ് ഇപ്പോൾ നാപ്പോളിയെ പരിശീലിപ്പിക്കുന്നതെന്നതും ശ്രദ്ധേയം.