കേളകം: മലയോര മേഖലയിൽ ഉൾപ്പെടെ ബ്രോയിലർ കോഴി വില കുത്തനെ ഇടിഞ്ഞത് ചെറുകിട കർഷകർക്ക് തിരിച്ചടിയായി. കഴിഞ്ഞ മാസം കിലോഗ്രാമിന് 110 രൂപ മൊത്തവിലയുണ്ടായിരുന്നിടത്ത് ഇപ്പോൾ 50 ആയി കുറഞ്ഞു.
മൊത്തമായി ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന വിലയാണിത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് യഥേഷ്ടം വൻ തോതിൽ ഇറച്ചിക്കോഴി എത്തുന്നതാണ് വിലക്കുറവിന് കാരണമായി പറയുന്നത്.
എന്നാൽ, ഉപഭോക്താവിന് ഈ വിലക്കുറവ് ലഭിക്കുന്നില്ല. കോഴിക്കടകളിൽ ഇപ്പോഴും 100 രൂപയ്ക്ക് മുകളിലാണ് ചില്ലറ വിൽപ്പന നടത്തുന്നത്.
കോഴി വിപണിയിലെ വിലത്തകർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണ കോഴി ക്കർഷരെയാണ്. ഭീമമായ നഷ്ടമാണ് കർഷകർ നേരിടുന്നത്.
ശരാശരി ഒരു കിലോ കോഴിയുടെ ഉത്പാദനച്ചെലവ് 80 മുതൽ 85 വരെ രൂപ വരും.1700 രൂപ മുതൽ 2000 രൂപ വരെയാണ് 50 കിലോ കോഴിത്തീറ്റയുടെ വില.
വെള്ളം, വൈദ്യുതി, തൊഴിൽ കൂലി, അറക്കപ്പൊടി തുടങ്ങിയവയുടെ ചെലവ് വേറെയും വരും. മൊത്ത വിലയേക്കാളും എട്ടു മുതൽ പത്തു രൂപ വരെ കുറച്ചാണ് ഫാമുകളിൽ നിന്ന് ഇടനിലക്കാർ കർഷകരിൽ നിന്ന് കോഴിയെ വാങ്ങുന്നത്.
ഇത് വ്യാപാരികളിലെത്തുന്പോൾ 25 മുതൽ 35 രൂപ വരെ വർധിക്കും. കോഴിക്കർഷകനിൽ നിന്നും പല കൈകളിലൂടെ കോഴി ആവശ്യക്കാരനിലെത്തുന്പോൾ വില ഇരട്ടിയിലെത്തും.
ഉളിയിൽ ടൗണിൽ കോഴിക്ക് 69 രൂപ
മട്ടന്നൂർ: ഉളിയിൽ ടൗണിൽ ഇറച്ചി കോഴിക്ക് കിലോഗ്രാമിന് 69 രൂപ. തമിഴ്നാട്ടിലെ മൊത്ത കച്ചവടക്കാർ വില കുത്തനെ കുറച്ചതാണ് ചില്ലറ വ്യാപാരികളും വില കുറയ്ക്കാൻ കാരണമായത്.
54 രൂപയ്ക്കാണ് തമിഴ്നാട്ടിൽ നിന്ന് കോഴി എത്തിച്ചുനൽകുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന കോഴിക്ക് വില കുറച്ചതിനാൽ ഇവിടെയുള്ള ഫാമുകളിൽ വില കുറയ്ക്കുകയായിരുന്നു.