കണ്ണൂർ: മേയർ സുമ ബാലകൃഷ്ണനെ ചേംബറിൽ കയറി പ്രതിപക്ഷം ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഭരണപക്ഷം അവതരിപ്പിച്ച പ്രമേയം ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ പോർവിളികൾക്കും നാടകീയരംഗങ്ങൾക്കും വേദിയൊരുക്കി.
ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ച കൗൺസിൽ ഒന്നാം അജൻഡയായുള്ള പ്രതിഷേധപ്രമേയത്തിന് പ്രതിപക്ഷവും ഭരണപക്ഷവും നിർദേശിച്ച ഭേദഗതികളാണ് പോർവിളികളിലേക്കു നയിച്ചത്.
വെല്ലുവിളികളും അസഭ്യവർഷവും കൂവലുകളുമായി കൗൺസിൽയോഗം സംഘർഷഭരിതമായതോടെ പോലീസ് സംഘം രണ്ടുപ്രാവശ്യം കൗൺസിൽ ഹാളിൽ പ്രവേശിച്ചു.
ഒടുവിൽ, ഭരണപക്ഷത്തിന്റെ ഭേദഗതി അംഗീകരിച്ചും പ്രതിക്ഷത്തിന്റേത് തള്ളിയും 24ന് എതിരേ 26 ന് ശബ്ദവോട്ടോടെ പ്രമേയം പാസാക്കിയപ്പോൾ വൈകുന്നേരം 4.30. ഉച്ചകഴിഞ്ഞ് ഭക്ഷണത്തിനു പിരിഞ്ഞ 25 മിനിറ്റ് ഒഴിവാക്കിയാൽ നാല് മണിക്കൂറോളം കോർപറേഷൻ കൗൺസിലിൽ ഇന്നലെ അരങ്ങേറിയത് നാണക്കേടുണ്ടാക്കുന്ന രംഗങ്ങളായിരുന്നു.
കഴിഞ്ഞ 19ന് മേയറെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ടി.ഒ. മോഹനനാണ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്. ഇതോടെ ഗുണ്ടാത്തലവൻ ടി.ഒ. മോഹനൻ രാജിവയ്ക്കുക എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി പ്രതിപക്ഷ ബഹളം തുടങ്ങി.
പ്രതിപക്ഷം സീറ്റിൽനിന്ന് എഴുന്നേറ്റ് പ്ലക്കാർഡ് ഉയർത്തിയതോടെ യോഗം ശബ്ദമുഖരിതമായി. കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്ന് മേയർ റൂളിംഗ് നൽകിയതോടെ താത്കാലികമായി ബഹളം ശമിച്ചു.
മേയറെ പ്രതിപക്ഷം മർദിച്ച സംഭവം ടി.ഒ.മോഹനൻ കൗൺസിൽ യോഗത്തിൽ വിവരിച്ചു. തെറ്റുതിരുത്താൻ പ്രതിപക്ഷം തയാറാകണമെന്ന് പ്രമേയത്തെ പിന്താങ്ങിയ മുസ്ലിം ലീഗിലെ ടി. സമീറും പറഞ്ഞു.
പ്രതിപക്ഷത്തുനിന്ന് എൻ. ബാലകൃഷ്ണന്റേതായിരുന്നു അടുത്ത ഊഴം. മുൻ മേയറടക്കമുള്ള പ്രതിപക്ഷ കൗൺസിലർമാരെ മർദിച്ച യുഡിഎഫ് നടപടി സംബന്ധിച്ച പ്രതിഷേധവും ഉൾപ്പെടുത്തണമെന്നായിരുന്നു ബാലകൃഷ്ണന്റെ ഭേദഗതി. പ്രമേയം വോട്ടിനിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോർപറേഷൻ ജീവനക്കാരുടെ പ്രശ്നം പരിഹരിക്കുകയാണു വേണ്ടതെന്നും മുൻ മേയറടക്കമുള്ള പ്രതിപക്ഷ കൗൺസിലർമാരെ യുഡിഎഫ് കൗൺസിലർമാർ മർദിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഭരണ-പ്രതിപക്ഷ അംഗങ്ങൾ കുറ്റക്കാരനാണെന്നായിരുന്നു പ്രതിപക്ഷത്തെ വെള്ളോറ രാജന്റെ പ്രതികരണം. അതുകൊണ്ടാണ് ഇരുവരും ആശുപത്രിയിൽ കിടന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അസഹിഷ്ണുത മാറ്റിവയ്ക്കണമെന്ന് ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞതോടെ വീണ്ടും ബഹളമായി. ഒച്ചവച്ചാൽ ഭയപ്പെട്ട് നിങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ ഞങ്ങളെ കിട്ടില്ലെന്ന് രാഗേഷ് തുറന്നടിച്ചതോടെ തെറിവിളികളും വെല്ലുവിളികളുമായി അന്തരീക്ഷം കനത്തു.
ഇതിനിടെ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ടി. ബാവിഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം യോഗഹാളിനുമുന്നിൽ നിലയുറപ്പിച്ചു.
ഭരണ-പ്രതിപക്ഷ അംഗങ്ങൾ വെല്ലുവിളികളും ബഹളവും തുടർന്നതോടെ മേയർ നടപടിക്രമം പൂർത്തിയാക്കി ഉച്ചഭക്ഷണത്തിന് പിരിയുകയാണെന്നും വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ് നടത്തുമെന്നും പറഞ്ഞ് കൗൺസിൽ യോഗം അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് മേയർ പറഞ്ഞതിൽ വ്യക്തതയില്ലെന്നു പറഞ്ഞ് പ്രതിപക്ഷം മേയറുടെ ഡയസിലേക്ക് പാഞ്ഞടുത്തു. ഇതോടെ ഹാളിനു പുറത്തുണ്ടായിരുന്ന പോലീസ് അകത്ത് പ്രവേശിച്ചു.
ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേരിട്ട് പോർവിളി തുടർന്നതോടെ മേയർ ചേംബറിലേക്കു പോയി. എന്നാൽ, പ്രതിപക്ഷം കോർപറേഷൻ സെക്രട്ടറിയെ വളഞ്ഞു. ചട്ടപ്രകാരം വോട്ടെടുപ്പ് നടത്താതെ എങ്ങനെ യോഗം നിർത്തിയതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.
എന്നാൽ ഉച്ചകഴിഞ്ഞ് വോട്ടെടുപ്പ് നടത്താമെന്ന് മേയർ പറഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തത വരുത്തിയശേഷം താത്കാലികമായി തർക്കം അവസാനിക്കുകയായിരുന്നു.
ക്ലൈമാക്സിൽ ഡപ്യൂട്ടി മേയർ
ഉച്ചകഴിഞ്ഞ് 3.40 ഓടെ കൗൺസിൽ പുനരാരംഭിച്ചു. ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ് പ്രമേയത്തിൽ വേറൊരു ഭേദഗതി നിർദേശിച്ചു. മേയറെ ആക്രമിച്ച പ്രതിപക്ഷ കൗൺസിലർമാരായ കെ. പ്രമോദ്, തൈക്കണ്ടി മുരളീധരൻ, എൻ. രാജീവൻ എന്നിവരുടെ പേരുകൾക്കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
ഇത് അംഗീകരിച്ച മേയർ അവരുടെ പേരുകൾക്കൂടി പ്രതിഷേധ പ്രമേയത്തിൽ ഉൾപ്പെടുത്താൻ അനുമതി നൽകി.
പ്രസംഗത്തിനുശേഷം വോട്ടെടുപ്പിനായി മേയർ ചേംബറിലേക്കു പോയി. തുടർന്ന് ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് മേയറുടെ ഗൗൺ ധരിച്ചുവരുന്ന കാഴ്ചയാണു അംഗങ്ങൾ കണ്ടത്.
ഡപ്യൂട്ടി മേയറെ കണ്ടതോടെ പ്രതിപക്ഷം കൂവിവിളിച്ചു. സീറ്റിൽനിന്ന് അംഗങ്ങൾ ഡയസിലേക്ക് പാഞ്ഞടുത്തു. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് വീണ്ടും യോഗഹാളിലേക്കെത്തി.
പ്രതിപക്ഷ-ഭരണപക്ഷ ബഹളം ഉച്ചസ്ഥായിയിലായതോടെ ഡപ്യൂട്ടി മേയർ പറയുന്നതൊന്നും കേൾക്കാൻ സാധിച്ചില്ല. തുടർന്ന് യോഗം അവസാനിച്ചതായി ഡപ്യൂട്ടി മേയർ പറഞ്ഞു.
തുടർന്നു നടത്തിയ പത്രസമ്മേളനത്തിലാണ് ഭരണപക്ഷം അവതരിപ്പിച്ച പ്രമേയം ഭേദഗതികളോടെ ശബ്ദവോട്ടിൽ പാസാക്കിയതായി ഡപ്യൂട്ടി മേയർ അറിയിച്ചത്.
മേയർക്ക് പരിക്കേൽക്കുകയോ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാതെയോ വരുന്പോൾ ആർട്ടിക്കിൾ 39 പ്രകാരം ഡപ്യൂട്ടി മേയർക്ക് അധ്യക്ഷത വഹിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ ടൗൺ സ്റ്റേഷനിൽ 174/2020 നന്പർ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെ മേയറെ ആക്രമിച്ചതിന് എൽഡിഎഫ് കൗൺസിലർമാരായ തൈക്കണ്ടി മുരളീധരൻ, കെ. പ്രമോദ്, രാജീവൻ എന്നിവർക്ക് വോട്ട് ചെയ്യാൻ സാധിക്കുകയില്ല.
മേയർക്കും വോട്ട് ചെയ്യാൻ കഴിയില്ല. അങ്ങനെയാണ് 24നെതിരേ 26 ശബ്ദവോട്ടോടെ പ്രമേയം പാസായതെന്നും നിയമവിരുദ്ധമായി ഒന്നും നടത്തിയിട്ടില്ലെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു. മേയർ സുമ ബാലകൃഷ്ണനും ടി.ഒ. മോഹനനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വിതുന്പലോടെ മേയർ
കഴിഞ്ഞ 19ന് കൗൺസിൽ യോഗത്തിന് തനിക്കു നേരിടേണ്ടിവന്ന പ്രതിപക്ഷ മർദനത്തെക്കുറിച്ച് പറയുന്നതിനിടെ മേയർ വിതുന്പി. ഇതിനിടെ പ്രതിപക്ഷം ഓസ്കർ അവാർഡ് ലഭിക്കുന്ന അഭിനയമെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.
ജീവനക്കാരുടെ സമരം തീർക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷം ചേംബറിൽ കയറി ചവിട്ടുകയും നെഞ്ചത്ത് കുത്തുകയും ചെയ്തതായി മേയർ പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സ തേടിയതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് പരിശോധിക്കാമെന്നും തുടർചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർ നിർദേശിച്ചതായും മേയർ സുമ ബാലകൃഷ്ണൻ പറഞ്ഞു.
ഞാൻ പറഞ്ഞത് നൂറുശതമാനം ശരിയാണെന്നും തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാൽ നുണപരിശോധയ്ക്ക് തയാറാണെന്നും മേയർ അറിയിച്ചു.
മാത്രമല്ല മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കും തയാറാണ്. 13 ഡോക്ടർമാർ പരിശോധിച്ചു. ഇപ്പോൾ കൂടുതൽ തളർച്ച അനുഭവപ്പെടുന്നുവെന്നും സിപിഎമ്മിലെ കെ. പ്രമോദാണ് നെഞ്ചത്ത് കുത്തിയതെന്നും മേയർ പറഞ്ഞു.
ചട്ടലംഘനം: പ്രതിപക്ഷം
പ്രമേയത്തിൻമേൽ ചർച്ച പൂർത്തിയാക്കി വോട്ടെടുപ്പ് നടത്താതെ ഭരണപക്ഷം ചട്ടലംഘനം നടത്തിയതായി പ്രതിപക്ഷ നേതാവ് എൻ. ബാലകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു.
മേയർ കരഞ്ഞ് അഭിനയിക്കുകയാണ്. പ്രതിപക്ഷ അംഗങ്ങളെ കൈയേറ്റംചെയ്ത ഡപ്യൂട്ടി മേയറുടെയും ടി.ഒ. മോഹനന്റെയും പേരിൽ നടപടിയെടുക്കണം.
മേയർ കഥ പറയുകയല്ല, പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും എൻ. ബാലകൃഷ്ണൻ പറഞ്ഞു. വെള്ളോറ രാജൻ, മുൻ മേയർ ഇ.പി. ലത എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.