കണ്ണൂർ: ഇളംനീല സാരിയുടുത്ത് വേദിയിൽ സൗമ്യമായ പുഞ്ചിരിയുമായി ഒരു നായിക. 15 വർഷങ്ങൾക്കിപ്പുറവും ജലജയെന്ന ശാലീനസൗന്ദര്യത്തിന് വെള്ളിത്തിരയിൽ മാത്രമല്ല മലയാളികളുടെ പൊതുജീവിതത്തിലും ഒഴിച്ചുകൂടാനാവാത്ത ഇടമുണ്ടെന്ന് തെളിയിക്കുന്നതായി നിറഞ്ഞ സദസ്.
കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിലാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക ജലജയുടെ സാന്നിധ്യം വേറിട്ട അനുഭവമായത്. ഓർമകളിലെ വെള്ളിനക്ഷത്രക്കാലം…
ആ ഒന്നരമണിക്കൂറിനുള്ളിൽ അനു പാപ്പച്ചൻ എന്ന അവതാരികയുടെ തന്മയത്വം നിറഞ്ഞ ചോദ്യങ്ങൾക്ക് ആദ്യ ചിത്രമായ തന്പിന്റെ സ്മരണകൾ തൊട്ട് പുതിയ കാലത്തിന്റെ സിനിമാലോകത്തോടുള്ള സ്വന്തം വീക്ഷണങ്ങൾ വരെ മിന്നിമറഞ്ഞു ആ വാക്കുകളിൽ.
അംഗീകാരങ്ങൾ വേണ്ടവിധം ജലജയിലേക്കു വന്നുചേർന്നില്ല എന്നതിലുള്ള പ്രതികരണം ആരാഞ്ഞ ആരാധകരോട് തനിക്കർഹതപ്പെട്ടതായിരുന്നുവെങ്കിൽ അവ തന്നിലേക്ക് എത്തിയേനെയെന്നും ദൈവം വിധിച്ചതെല്ലാം അങ്ങനെ എത്തിച്ചേർന്നിട്ടുണ്ടെന്നും പുഞ്ചിരിച്ചുകൊണ്ട് ജലജ മറുപടി പറഞ്ഞു.
22 ന് ആരംഭിച്ച സാംസ്കാരികോത്സവത്തിന്റെ അവസാനദിനമായ ഇന്നലെ എം.എ. ബേബി മുതൽ ഐഷി ഘോഷ് വരെ സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾകൊണ്ട് വേദി നിറച്ചപ്പോൾ വെള്ളിത്തിരയുടെ വസന്തകാലങ്ങളിലേക്ക് ആരാധകരെ നയിക്കുന്നതായി ജലജയുമായുള്ള സംവാദം.