വെച്ചൂച്ചിറ: മഠത്തുംചാൽ – മുക്കൂട്ടുതറ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൊല്ലമുള ജംഗ്ഷനിൽ പൈപ്പുകളിട്ടു മൂടി കലുങ്കു നിർമിക്കുന്നത് അശാസ്ത്രീയമെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ.
മഴക്കാലത്ത് വൻ വെള്ളമൊഴുക്കുള്ളതും എരുമേലി ജലവിതരണ പദ്ധതിയുടെ കൂറ്റൻ പൈപ്പുലൈൻ കടന്നു പോകുന്നതുമായ ഭാഗത്ത് പൈപ്പുകലുങ്കിനു പകരം ചെറിയ പാലം നിർമിക്കണമെന്നതാണ് ആവശ്യം.
നേരത്തെ തന്നെ തകർന്നു കിടന്ന കലുങ്കുപാലത്തിന്റെ സ്ഥാനത്ത് റോഡുപണിയുമായി ബന്ധപ്പെട്ടു രണ്ടു പൈപ്പുകൾ സ്ഥാപിച്ചാണ് കലുങ്കു നിർമിക്കുന്നത്. എന്നാൽ മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള ഇവിടെ പൈപ്പുകൾ അടഞ്ഞ് കവിഞ്ഞൊഴുകി വീണ്ടും ഗതാഗതപ്രശ്നവും റോഡിനു നാശവുമുണ്ടാകാനുള്ള സാധ്യതയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
സ്ഥിരമായി ഭാരവാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ അപകട സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്ന കലുങ്കിന് വലിപ്പം കുറവായതിനാൽ ഗതാഗതക്കുരുക്കിനും സാധ്യതയേറെയാണ്.
കലുങ്കിനു മുകളിലുടെ സ്ഥാപിച്ചിരിക്കുന്ന എരുമേലി ജലവിതരണ പദ്ധതിയുടെ കൂറ്റൻ പൈപ്പ് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യവും നാളുകളായി ശക്തമാണ്. കോടികൾ മുടക്കി നിർമിക്കുന്ന റോഡിൽ മാർഗതടസമായി പൈപ്പു കടന്നു പോകുന്നത് ലാഘവത്തോടെയാണ് അധികൃതർ കാണുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
അശാസ്ത്രീയമായ കലുങ്കു നിർമാണത്തിനെതിരെയും ജലഅഥോറിറ്റി പൈപ്പുലൈൻ മാറ്റി സ്ഥാപിക്കാത്തതിനെതിരെയും വകുപ്പു മന്ത്രിക്ക് നിവേദനം നൽകുമെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയംഗം അലക്സ് മാർഷൽ, യൂത്ത് കോണ്ഗ്രസ് നേതാക്കളായ സുജിത്ത് സോമൻ, നഹാസ് എന്നിവർ അറിയിച്ചു.