അന്പലപ്പുഴ: ആലപ്പുഴ-അന്പലപ്പുഴ റൂട്ടിൽ ബസ് യാത്രക്കാരുടെ പണവും രേഖകളും നഷ്ടപ്പെടുന്നത് നിത്യസംഭവമാകുന്നു. ഇത്തരത്തിൽ നിരവധി പരാതികളാണ് പോലീസിന് ലഭിക്കുന്നത്.
ശനിയാഴ്ച പിഎസ്സി പരീക്ഷക്ക് പോയ ഉദ്യോഗാർഥികളുടെ പണവും സർട്ടിഫിക്കറ്റുകളും നഷ്ടമായിരുന്നു. പിന്നീട് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ കഐസ്ആർടിസി ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. അന്പലപ്പുഴ കോമന സുബൈദ മൻസിലിൽ റഹ്മത്ത് നാസറിന്റെ പഴ്സാണ് മോഷണം പോയത്.
വണ്ടാനത്തുനിന്ന് ഇരട്ടക്കുളങ്ങരയിലിറങ്ങിയപ്പോഴാണ് പഴ്സ് നഷ്ടപെട്ടതറിയുന്നത്. 2400 രൂപയും എടിഎം കാർഡുകൾ, ആധാർ കാർഡ് ഇവയും പഴ്സിൽ ഉണ്ടായിരുന്നു. വീട്ടമ്മ അന്പലപ്പുഴ പോലീസിൽ പരാതി നൽകി.
മെഡിക്കൽ കോളജ് ആശുപത്രി ഉള്ളതിനാൽ ഈ റൂട്ടിൽ യാത്രക്കാർ കൂടുതലാണ്. ദീർഘദൂര ബസിൽ ഇത്തരത്തിലുള്ള സംഭവം ഉണ്ടാകാറില്ല. ഹ്രസ്വദൂര ബസിലാണ് മോഷണം നടക്കുന്നത്. ഇതിനായി പ്രത്യേക മോഷണ സംഘം തന്നെ ഉണ്ടന്ന് യാത്രക്കാർ പറയുന്നു.