ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരു പോലീസ് ഉദ്യോഗസ്ഥനും നാലു സിവിലിയൻമാരുമാണ് മരിച്ചത്. അതേസമയം ഏഴു പേർ മരിച്ചെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്് ചെയ്തു. ഹെഡ് കോണ്സ്റ്റബിളായ രത്തൻ ലാലാണ് മരിച്ച പോലീസ് ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തിനു കല്ലേറിലാണ് പരിക്കേറ്റത്.
ഷാഹിദ്, മുഹമ്മദ് ഫുർഖാൻ, രാഹുൽ സോലാംഗി, നസീം എന്നിവരാണ് മരിച്ച സാധാരണക്കാർ. മരിച്ച മറ്റ് രണ്ടു പേരുടെ വിവരങ്ങൾ ലഭ്യമല്ല. അക്രമത്തിൽ മറ്റൊരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ശർമയ്ക്കും പരിക്കേറ്റിട്ടുണ്ട്.
മരിച്ച നാലുപേരുടെ ശരീരത്തിലും വെടിയേറ്റ പാടുണ്ടെന്ന് ഡോക്ടർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറായി തുടരുന്ന അക്രമത്തിൽ 160 പേർക്കു പരിക്കേറ്റിട്ടുണ്ട്.
ഇന്നു രാവിലെയും പലസ്ഥലങ്ങളിലും കല്ലേറ് തുടരുകയാണെന്നാണ് റിപ്പോർട്ട്. അതേസമയം ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി പോലീസിൽ പരാതി നൽകി.
മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയായതിനാൽ ക്ഷമിക്കുകയാണെന്നും മൂന്നു ദിവസത്തിനുള്ളിൽ പൗരത്വ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പോലീസിന് അന്ത്യശാസനം നൽകുകയാണെന്നും കപിൽ മിശ്ര ഞായറാഴ്ച പ്രസ്താവിച്ചിരുന്നു.
“ഇത് ഡൽഹി പോലീസിനുള്ള അന്ത്യശാസനമാണ്. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാൻ വന്നേക്കരുത്. ഞങ്ങൾ നിങ്ങളെ കേൾക്കാൻ നിന്നുതരില്ല.
വെറും മൂന്നു ദിവസം മാത്രം’ എന്നായിരുന്നു ഡിസിപി വേദ് പ്രകാശിനെ സാക്ഷിനിർത്തി കപിൽ മിശ്രയുടെ ഭീഷണി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവർ ഇരച്ചുകയറിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിനിടെ, അക്രമികൾ പോലീസിനു നേർക്ക് തോക്കു ചൂണ്ടി വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
തോക്കുമായി എത്തിയ യുവാവ് എട്ടു റൗണ്ട് വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടുമുന്പാണു ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഭജൻപുർ, മൗജ്പുർ, കർദംപുരി എന്നിവിടങ്ങളിലാണു സംഘർഷമുണ്ടായത്. അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
അഗ്നിശമന വാഹനത്തിനും രണ്ടു വീടുകൾക്കും അക്രമികൾ തീയിട്ടു. ഭജൻപുരിൽ അക്രമികൾ പെട്രോൾ പന്പിനും തീയിട്ടു. മൗജ്പുരിലും ഭജൻപുരിലും വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു. ഫയർഫോഴ്സിലേക്ക് 12 മണിക്കൂറിനിടെ 45 കോളുകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വടക്കു കിഴക്കൻ ഡൽഹിയിലെ 10 സ്ഥലങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷത്തെത്തുടർന്ന് ജാഫറാബാദ്, മൗജ്പുർ-ബാബർപുർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളും മാറ്റി.