നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ വഴിത്തോട്ടിലെ വെള്ളത്തിന് നിറം മാറ്റം. ഇടമലയാർ പദ്ധതിയിൽ നിന്നുള്ള വെള്ളം വാപ്പാലശേരി കയറ്റു കുഴി പുഞ്ചത്തോട്ടിലൂടെ വഴിത്തോട്ടിലെത്തിയ ശേഷം നിറം മാറ്റം പ്രകടമാണെന്ന് നാട്ടുകാർ പറയുന്നു.
വാപ്പാലശേരി മുതൽ മാഞ്ഞാലി തോട് വരെ ഏഴ് കിലോമീറ്ററിലധികം വരുന്ന തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിനുണ്ടായ നിറം മാറ്റം ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജലത്തിന്റെ നിറം മാറ്റം എങ്ങനെയാണുണ്ടായതെന്ന് കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തോട്ടിൽ പരിശോധന നടത്തി.
ഇടമലയാർ വെള്ളത്തിന് നിറംമാറ്റമില്ലെന്ന് കണ്ടെത്തി.അങ്കമാലി മുനിസിപ്പാലിറ്റിയിലൂടെ നെടുമ്പാശേരി പഞ്ചായത്ത് അതിർത്തി വരെയെത്തുന്ന കാനയിലെ വെള്ളത്തിന് കറുത്ത നിറമാണെന്ന് നാട്ടുകാർ പറഞ്ഞു.
വെള്ളത്തിലെ മാലിന്യത്തിന്റെ അളവ് കണ്ടെത്താൻ പരിശോധന നടത്തണമെന്ന് നെടുമ്പാശേരി പഞ്ചായത്ത് അധികൃതർ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. വെള്ളത്തിൽ മാലിന്യം കലർന്നത് എവിടെ നിന്നെന്ന് കണ്ടെത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് വിദഗ്ധർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോയും വൈസ് പ്രസിഡന്റ് പി.സി. സോമശേഖരനും ആവശ്യപ്പെട്ടു.