കോതമംഗലം: ആദിവാസി ഊരുകളിൽ റേഷൻ വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കുട്ടന്പുഴ പഞ്ചായത്തിലെ പൂയംകുട്ടി റേഷൻ കട പടിയിൽ നടന്ന ചടങ്ങിൽ ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദിവാസി ഊരുകളിൽ നേരിട്ട് റേഷൻ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി.
ഇതിന്റെ ഭാഗമായി കോതമംഗലം താലൂക്കിൽ കുട്ടന്പുഴ പഞ്ചായത്തിലെ വിദൂര പ്രദേശങ്ങളിലെ വാരിയം, ഉറിയംപെട്ടി, തേര എന്നീ കോളനികളിൽ നേരിട്ട് റേഷൻ എത്തിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.
കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലു, ഭക്ഷ്യ കമ്മീഷൻ അംഗം ബി. രാജേന്ദ്രൻ, റേഷനിംഗ് കട്രോളർ ആർ. മീന, ജില്ലാ സപ്ലൈ ഓഫീസർ, ജ്യോതി കൃഷ്ണ, ജില്ലാ പട്ടികവർഗ ഓഫീസർ ജി. അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ കെ.കെ. ബൈജു, കാന്തി വെള്ളകയ്യൻ, ഫ്രാൻസിസ് ആന്റണി, രാഷ്ട്രീയ നേതാക്കളായ വി.വി. ജോണി, ടി.സി. ജോയ്, എം.എസ്. എൽദോസ് എന്നിവർ പ്രസംഗിച്ചു.