കൊച്ചി: സ്കൂളിന് സിബിഎസ്ഇയുടെ അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ചതിനെത്തുടര്ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ റിമാന്‍ഡിൽ.
വഞ്ചനാകുറ്റം ചുമത്തി തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്ത സ്കൂള്‍ മാനേജര്‍ മാഗി അരൂജ(55) സ്കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്വിന് ഡിക്രൂസ്(59) എന്നിവരെയാണു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
അധികൃതരുടെ വീഴ്ചയെത്തുടര്‍ന്ന് മൂലങ്കുഴി അരൂജ ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ 29 വിദ്യാര്‍ഥികള്‍ക്കാണ് ഇന്നലെ ആരംഭിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്തത്.
പരീക്ഷ എഴുതാന്‍ കഴിയാതെ അങ്കലാപ്പിലായ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇന്നലെ രാവിലെ തന്നെ വലിയ പ്രതിഷേധവുമായി സ്കൂളിന്റെ ഗേറ്റിനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.
22 ആണ്‍കുട്ടികളും ഏഴു പെണ്കുട്ടികളുമടക്കം 29 പേരാണ് സ്കൂളില്‍ നിന്ന് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാല്‍ സ്കൂളിന് എട്ടാം ക്ലാസ് വരെ മാത്രമാണ് സിബിഎസ്ഇ അംഗീകാരമുണ്ടായിരുന്നത്.
ഇക്കാര്യം മറച്ചുവച്ച് തങ്ങളുടെ മക്കളെ സ്കൂള്‍ അധികൃതര്‍ വഞ്ചിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. പരീക്ഷ മുടങ്ങിയതോടെ കുട്ടികളും രക്ഷിതാക്കളും ഇന്നലെ പുലര്‍ച്ചെതന്നെ പ്രതിഷേധവുമായി സ്കൂളിനു മുന്നില്‍ തടിച്ചുകൂടി.
വിദ്യാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പ്രകടനവുമായി എത്തിയത്.
ഇവരെ പോലീസ് തടഞ്ഞതോടെ സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സമരക്കാരെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു നീക്കി.
ഹൈബി ഈഡന് എംപിയും പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥലത്തെത്തി. എസ്എഫ്ഐക്കാര്‍ നടത്തിയ പ്രതിഷേധവും സംഘര്‍ഷത്തിലെത്തി. പ്രതിഷേധക്കാര്‍ പോലീസുമായി ബലപ്രയോഗം നടത്തി.
പിന്നീട് ഇവരെ സ്കൂളിനു മുന്നില്‍ നിന്നു നീക്കി. എബിവിപി പ്രവര്‍ത്തകര്‍ സ്കൂള്‍ മാനേജ്മെന്റിനെതിരേ പ്രതിഷേധവുമായി എത്തി സ്കൂളിന് മുന്നില്‍ കുത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഹാള്‍ ടിക്കറ്റ് ലഭിക്കാതായതോടെ രക്ഷിതാക്കള്‍ സ്കൂളിലെത്തി ബഹളംവച്ചപ്പോഴാണ് ഇക്കുറി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ലെന്ന കാര്യം പ്രിന്സിപ്പാല് അവരെ അറിയിക്കുന്നത്.
മറ്റൊരു സെന്ററിലാണ് പരീക്ഷയെന്നാണ് രക്ഷിതാക്കളെ നേരത്തെ അറിയിച്ചിരുന്നത്. സെന്ററായി പറഞ്ഞുവച്ചിരുന്ന സ്കൂളില്‍നിന്ന് സിബിഎസ്ഇ ബോര്‍ഡിലേക്ക് സമയബന്ധിതമായി അപേക്ഷ സമര്പ്പിക്കാനാകാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പ്രിന്‍സിപ്പല്‍ സിന്ധു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ദേശീയ മനുഷ്യാവകാശ കമ്മിറ്റി വര്‍ക്കിംഗ് ചെയര്മാന് കെ.യു. ഇബ്രാഹിം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.