ന്യൂഡൽഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ജയ്ശ്രീറാം വിളികളോടെ അഴിഞ്ഞാടി അക്രമികൾ. വടികളും കമ്പിവടികളുമായി അഴിഞ്ഞാടിയ അക്രമികൾ വാഹനങ്ങൾ തകർക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു.
അക്രമികൾ ചിലർ പള്ളിക്ക് തീയിട്ടു. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളിലാണ് ഇന്ന് വീണ്ടും സംഘർഷം ഉണ്ടായത്. പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യപക കല്ലേറുണ്ടായി.
ഗോകുല്‍പുരി മേഖലയില്‍ രണ്ടുപേര്‍ക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗജ്പുരിൽ അക്രമികൾ മാധ്യമപ്രവർത്തകർക്കെതിരെയും തിരിഞ്ഞു.
കലാപം പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കാമറകളിൽനിന്ന് ദൃശ്യങ്ങൾ മായിച്ചു. ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. മൗജ്പുരിൽ ഉച്ചക്ക് 12 ന് ആയിരുന്നു സംഭവം. ഇയാളെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങളായി തുടർന്ന കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. വർഗീയ സംഘർഷത്തിന്റെ തലത്തിലേക്ക് ഇതികം മാറിക്കഴിഞ്ഞു. കേന്ദ്രം 35 കമ്പനി കേന്ദ്ര സേനയേയും രണ്ട് കമ്പനി ദ്രുതകർമ സേനയേയും വിന്യസിച്ചിട്ടുണ്ട്.
ഒരു മാസത്തേക്ക് വടക്ക് കിഴക്കന്‍ ഡല്‍ഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വരുന്ന മാർച്ച് 24 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വീണ്ടും വടക്ക് കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ മേഖലകളിൽ കല്ലേറുണ്ടായി. ആളുകളുടെ പേര് ചോദിച്ച് തിരിച്ചറിഞ്ഞ് മർദിച്ചു. കടകൾക്കും വീടുകൾക്കും അക്രമികൾ തീവച്ചു.
എന്നാൽ പോലീസ് നടപടികളൊന്നുമെടുക്കാതെ നോക്കിനിൽക്കുകയാണ് ചെയ്യുന്നത്. കലാപം ഉണ്ടായതായ വിവരം അറിയിച്ചാൽപോലും സ്ഥലത്തേക്ക് പോലീസ് എത്തുന്നില്ലെന്നും ആരോപണമുണ്ട്.