കോട്ടയം: യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിൽ പോലീസിന്റെ ഓട്ടോറിക്ഷാ പരിശോധന. നഗര പരിധിയിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നതിനുവേണ്ടിയുള്ള പോലീസിന്റെ നഗര പെർമിറ്റ് പരിശോധനയാണ് യാത്രക്കാതെ പലപ്പോഴും വലയ്ക്കുന്നത്. യാത്രക്കാരുമായി എത്തുന്ന വാഹനം പരിശോധനയ്ക്കായി പോലീസ് തടയുന്നു.
ഇന്നലെ എസ്ബിഐ പ്രധാന ഓഫീസിനു മുന്നിൽ പോലീസുകാർ ഓട്ടോറിക്ഷകൾ തടഞ്ഞു പരിശോധന നടത്തിയിരുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിട്ടശേഷമാണ് പരിശോധന. നഗര പെർമിറ്റ് ഇല്ലാത്ത വാഹനമാണെങ്കിൽ യാത്രക്കാരേ ഇറക്കിവിട്ട് വാഹനവുമായി പോലീസ് സ്റ്റേഷനിലേക്കു പോകുകയാണു പതിവ്.
അത്യാവശ്യ കാര്യങ്ങൾക്കായി ഓട്ടോയിൽ യാത്ര ചെയ്യുന്നവരും രോഗികളും പ്രായമുള്ളവരുമാണു പലപ്പോഴും ഈ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. പകുതി വഴിയിൽ പരിശോധന കാരണം പുറത്തിറങ്ങേണ്ടി വന്നാൽ മറ്റൊരു വാഹനം കിട്ടുന്നതു വരയോ അടുത്ത സ്റ്റാൻഡിൽനിന്നും മറ്റൊരു ഓട്ടോറിക്ഷ ലഭിക്കുന്നതുവരെയോ യാത്രക്കാർ നടക്കേണ്ടി വരുന്നു.
നഗരത്തിൽ അനുഭവപ്പെടുന്ന ചൂടിൽ യാത്രക്കാർ നിരത്തിലൂടെ നടക്കേണ്ടി വരുന്പോൾ വലിയ ആരോഗ്യപ്രശ്നമാണ് സൃഷ്ടിക്കുന്നത്.
യാത്രക്കാരെ സംബന്ധിച്ചിടത്തോളം നഗരത്തിൽ ഒരു മൂന്നുചക്ര വാഹനം വിളിക്കുന്പോൾ അതിനു നഗര പെർമിറ്റ് ഉണ്ടോ എന്നു തിരക്കാറില്ല. യാത്ര പാതിവഴിയിൽനിന്നു പോകുന്പോഴാണു പെർമിറ്റിനെക്കുറിച്ച് അറിയുന്നത്.
നഗര പരിധിയിൽ ഉടമസ്ഥരായിട്ടുള്ള വാഹനത്തിനാണു പെർമിറ്റ് കിട്ടുന്നത്. നഗരാതിർത്തിയ്ക്കപ്പുറമുള്ള ഓട്ടോറിക്ഷകൾ നഗരത്തിൽ സർവീസ് നടത്തുന്പോഴാണു പരിശോധനയിൽ പിടിയിലാകുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ യൂണിയനും കളക്ടർ പി.കെ. സുധീർ ബാബുവുമായി നടത്തിയ ചർച്ചയിൽ കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷകൾ ഫെയർ മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് നടത്താമെന്നും ടൗണ് പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ ടൗണിൽനിന്നും യാത്രക്കാരെ കയറ്റുന്നതിനെതിരെ നടപടി സ്വീകരിക്കാമെന്നും തീരുമാനം എടുത്തിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പരിശോധന കർശനമാക്കിയിരിക്കുന്നത്. നഗരത്തിലെ ഓട്ടോറിക്ഷാ യൂണിയൻ തന്നെ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കണമെന്നും പോലീസ് പരിശോധന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പൊതുജനങ്ങളും പറയുന്നു.