ചാത്തന്നൂർ: യുവതലമുറയെ വഴി തെറ്റിക്കുന്ന മയക്കുമരുന്ന് വ്യാപനം തടയണമെന്നും പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ബദൽ സംവിധാനങ്ങൾ കണ്ടെത്തണമെന്നും ചാത്തന്നൂർ മാമ്പള്ളിക്കുന്നം ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വൈകുന്നേര സമയങ്ങളിലുള്ള യാത്രാക്ലേശത്തിന് പരിഹാരമുണ്ടാക്കാൻ കെ.എസ്.ആർ.ടി.സി.ചാത്തന്നൂർ ഡിപ്പോ നടപടി സ്വീകരിക്കണം.
ചാത്തന്നൂർ പോലീസ് കോംപ്ലക്സിന് ചുറ്റുമതി ലും ഗേറ്റും നിർമ്മിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് 498050 രൂപ ഫണ്ട് ലഭ്യമായിട്ടും ടെൻഡർ നടപടികൾ വൈകുന്നതിലും സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.
ചാത്തന്നൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ജി.ദിവാകരൻ അധ്യക്ഷനായിരുന്നു. കെ.സി.ജേക്കബ്ബ്, ആർ.സുഗേഷ്, ഷാജി ചെറിയാൻ, വി.കെ.ജോൺ, കെ.വൈ.തോമസ്, ജോൺസ് ലൂക്കോസ്, ലിസ്സി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ പങ്കെടുത്തവർക്കെല്ലാം പ്ലാസ്റ്റിക്കിന് ബദലായി തുണി സഞ്ചി സമ്മാനിച്ചു.
ഭാരവാഹികളായി കെ.സി.ജേക്കബ്(രക്ഷാധികാരി) ജി.ദിവാകരൻ (പ്രസി.) എൻ.രാധാകൃഷ്ണൻ (വൈസ് പ്രസി.) ഷാജി ചെറിയാൻ (സെക്ര.) ലിസ്സി ജോർജ്ജ് (ജോ.സെക്ര.) വി.കെ.ജോൺ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് ശേഷം പ്രദീപ് വൈഗ അവതരിപ്പിച്ച കോമഡി ഷോയും ഉണ്ടായിരുന്നു.