ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ മരിച്ച കൗമാരക്കാരിയുടെ പിതാവിനെ വളഞ്ഞിട്ടു മർദിച്ചു പോലീസ്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് എൻഡിടിവി പുറത്തുവിട്ടത്.
മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അടങ്ങിയ പെട്ടി പോലീസ് നിലത്തുകൂടി ഉരുട്ടിക്കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് വയോധികനെ മർദിച്ചതെന്നാണു ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പോലീസിനെ തടഞ്ഞ പിതാവിനെ ഒരു കോണ്‍സ്റ്റബിൾ തള്ളിമാറ്റുകയും തൊഴിക്കുകയും ചെയ്തു. എന്നിട്ടും പെട്ടിയിൽനിന്നു പിടിവിടാൻ തയാറാകാതെ പിതാവ് പെട്ടിയിൽ പിടിച്ച് നിലത്തുകിടക്കുന്നതു ദൃശ്യങ്ങളിൽ കാണാം.
പെണ്‍കുട്ടിയുടെ അമ്മയെന്നു കരുതുന്ന ഒരു സ്ത്രീ മർദനമേറ്റു നിലത്തുകിടക്കുന്ന പിതാവിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്പോൾ, പോലീസ് ഇവരെയും മർദിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പ്രതികരണവുമായി പോലീസ് രംഗത്തെത്തി. ദൃശ്യങ്ങളിലുള്ള പോലീസ് ഉദ്യേഗസ്ഥനെ സസ്പെൻഡ് ചെയ്തതായി സംഗറെഡ്ഡി പോലീസ് സൂപ്രണ്ടന്റ് അറിയിച്ചു.
പോസ്റ്റ്മോർട്ടത്തിനായി പെണ്‍കുട്ടിയുടെ മൃതദേഹം കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിക്കവെയാണ് ഈ സംഭവങ്ങളുണ്ടായതെന്നും പിതാവും നാട്ടുകാരും ചേർന്ന് പോലീസ് മൃതദേഹം കസ്റ്റഡിയിൽ എടുക്കുന്നതു തടയാൻ ശ്രമിക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു.
സംഗറെഡ്ഡിയിലെ ഒരു സ്വകാര്യ കോളജിലെ വാഷ്റൂമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ കോളജിനെതിരേ പോലീസ് കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടത്തിനു വേണ്ടിയാണ് മൃതദേഹം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.