കൊച്ചി: കുട്ടനാട് സീറ്റിനെച്ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കേ എന്‍സിപി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ എന്‍സിപി കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹി, നിര്‍വാഹക സമിതി യോഗങ്ങളാണ് ചേരുക. സാസ് ടവറിലാണ് യോഗം ചേരുന്നത്.
സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമാവും യോഗത്തിലെ പ്രധാന ചര്‍ച്ച. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ എന്‍സിപിക്ക് അനുവദിച്ച സ്ഥാനത്തേയ്ക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കലും യോഗം ചര്‍ച്ച ചെയ്യുമെന്നാണു വിവരം.
തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. പാര്‍ട്ടിയില്‍ കുടുംബാധിപത്യം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെ യോഗം കലുഷിതമാകുമെന്നാണ് സൂചനകള്‍.
നേതൃയോഗം ചേരാനിരിക്കേ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും മറനീക്കി പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കൊച്ചി നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സീറ്റുകള്‍ വില്ല്പനയ്ക്ക് എന്ന പേരിലാണു പോസ്റ്ററുകള്‍.
കുട്ടനാട് സീറ്റുകള്‍ ഉള്‍പ്പെടെ വില്പനയ്ക്ക് എന്ന തലക്കെട്ടോടെ യുവജന കൂട്ടായ്മയുടെ പേരിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഗുരുവായൂര്‍, കെഎസ്എഫഇ, പിഎസ്സി, ഗവ. പ്ലീഡര്‍ എന്നിവയുടെ ഒഴിവ് ഉടന്‍ ഉണ്ടാകുമെന്നും മാസപ്പടി കൃത്യമായി കിട്ടിയിരിക്കണമെന്നും മറ്റ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുവെന്നും പോസ്റ്ററുകളില്‍ വ്യക്തമാക്കുന്നു.