വൈപ്പിൻ: വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലും മോഷണം. പല ഓട്ടോക്കാർക്കും ഇത് സ്ഥിരം അനുഭവമായപ്പോൾ കള്ളനെ പിടികൂടാൻ ഡ്രൈവർമാർ തീരുമാനിച്ചു. കാത്തിരിപ്പിനൊടുവിൽ സ്ഥിരം മോഷണം നടത്തി വന്ന കള്ളനെ കണ്ടപ്പോൾ ഡ്രൈവർമാർ ആദ്യം ഒന്നു ഞെട്ടി. പിന്നീട് മോഷ്ടാവിനെ പിടികൂടി പോലീസിലേൽപ്പിച്ചു.
കഴിഞ്ഞ ദിവസം പള്ളത്താംകുളങ്ങരയിൽ വച്ചാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് ഓട്ടം വരുന്ന ഓട്ടോറിക്ഷകൾ മാറ്റിയിട്ട് ഡ്രൈവർമാർ ചായ കുടിക്കാനായി മാറുന്നതിനിടയിൽ ഓട്ടയുടെ ഡാഷ് ബോക്സിലും മറ്റും വച്ചിരിക്കുന്ന ചില്ലറ പൈസകളും നോട്ടുകളും അടിച്ചു മാറ്റുകയാണ് ബാലൻ ചെയ്തിരുന്നത്.
ഇതേപോലെ ഉത്സവപ്പറന്പിലേക്ക് വരുന്നവർ ബൈക്ക് പാർക്ക് ചെയ്ത് മാറുന്പോൾ പെട്രോൾ ടാങ്കിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള ബാഗ് പരിശോധിച്ച് ഇതിൽ പണമുണ്ടെങ്കിൽ അതും കവരും.
കഴിഞ്ഞ ദിവസങ്ങളിൽ ഇത് പതിവായതോടെ ചില ഓട്ടോ ഡ്രൈവർമാർ കെണിയൊരുക്കി കാത്തിരുന്നപ്പോഴാണ് 12 വയസുകാരനായ ബാലൻ കുടുങ്ങിയത്. പോലീസ് രക്ഷിതാക്കളെ വിളിച്ചു വരുത്തിയശേഷം താക്കീത് നൽകി വിട്ടയച്ചു.