സ്വന്തം ലേഖകൻ
തൃശൂര്‍: കേരളത്തിലെ വാദ്യകലാകാരന്മാരില് പലര്‍ക്കും ചെവിക്കും കാലിനും ആരോഗ്യപരമായ പ്രശ്നങ്ങള്‍ കൂടുന്നു. പൂരപ്രേമിസംഘം അടുത്തിടെ ചേന്ദംകുളങ്ങര ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത വാദ്യകലാകാരന്മാരെ പരിശോധിച്ചപ്പോഴാണ് പലര്‍ക്കും കാതിനും കാലിനും പ്രശ്നങ്ങളുള്ളതായി മനസിലാക്കിയത്.
ഉത്സവസീസണുകളില്‍ തുടര്‍ച്ചയായി മേളത്തിനും മറ്റും പോകേണ്ടി വരുന്നതിനാല്‍ കലാകാരന്മാര്ക്ക് വിശ്രമം കുറവായതിനാല്‍ ബ്ലഡ്പ്രഷറും ക്ഷീണവും ഉള്ളതായും പരിശോധനകളില്‍ കണ്ടെത്തി.
ക്യാമ്പില്‍ പങ്കെടുത്ത വാദ്യകലാകാരന്മാരില് മിക്കവരും തുടര്‍ചികിത്സക്കായി ക്യാമ്പുമായി സഹകരിച്ച ആശുപത്രികളില്‍ എത്തുന്നുണ്ട്.
കൊട്ടും വാദ്യവും മാറ്റിനിര്‍ത്താന്‍ കഴിയാത്തതിനാല്‍ വാദ്യകലാകാരന്മാര്ക്ക് കാതിനും കാലിനും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഇടക്കിടെ ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടുകയെന്നതാണ് പ്രധാനമായും വേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
വാദ്യകലാകാരന്മാര് ആശുപത്രികളില്‍ പോകാനോ ഡോക്ടര്‍മാരെ കാണാനോ മടി കാണിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാകാന്‍ കാരണമാകുമെന്നും അതിനാല്‍ ഇടക്കിടെ പരിശോധനകള്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തുടര്‍ച്ചയായി നില്‍ക്കേണ്ടി വരുന്നത് മൂലം വാദ്യകലാകാരന്മാരുടെ കാലുകള്‍ക്കും പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഞരമ്പുകള്‍ക്കും മറ്റും പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.
എന്നാല്‍ ഉത്സവസീസണുകളില്‍ ഇതൊന്നും കണക്കാക്കാതെ വാദ്യകലാകാരന്മാര് രാപ്പകലില്ലാതെ അലയുമ്പോള്‍ സ്വന്തം ആരോഗ്യമാണ് ക്ഷയിക്കുന്നതെന്നും മരുന്നും ചികിത്സയും യഥാസമയം ചെയ്ത് ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ മടിക്കരുതെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.
കലാകാരന്മാര് ആരോഗ്യസ്ഥിതി നോക്കാതെ ഓടിനടക്കുന്നതിലെ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് പൂരപ്രേമിസംഘം വാദ്യകലാകാരന്മാര്ക്ക് പ്രത്യേക പരിഗണനനല്കി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സരോജ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേയും മലബാര്‍ കണ്ണാശുപത്രിയിലേയും ഡോക്ടര്‍മാരടക്കമുള്ളവരാണ് ക്യാമ്പിലെത്തിയവരെ പരിശോധിച്ചത്.
കേരളത്തിലെ പേരുകേട്ട വാദ്യകലാകാരന്മാരില് പലരും ക്യാമ്പില്‍ പങ്കെടുത്ത് ആരോഗ്യസ്ഥിതി പരിശോധിച്ചു. പത്മശ്രീ പെരുവനം കുട്ടന്മാരാരും പഞ്ചവാദ്യപ്രമാണി പരക്കാട് തങ്കപ്പ മാരാരും കേളത്ത് അരവിന്ദാക്ഷന് മാരാരുമടക്കം നിരവധി പേര് ക്യാമ്പിലെത്തി തങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നു.
കലകളുടെ നിലനില്‍പ്പ് കലാകാരനിലൂടെ എന്ന ഓര്‍മപ്പെടുത്തലോടെയാണ് തങ്ങള്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട്, വിനോദ് കണ്ടെംകാവില്‍ എന്നിവര്‍ പറഞ്ഞു.
ക്യാമ്പിനെത്തിയവര്‍ തുടര്‍ചികിത്സയും പരിശോധനയും നടത്തുന്നതുപോലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവരും ആശുപത്രികളിലെത്തി പരിശോധനകള്‍ നടത്തണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.