കൊല്ലം: കഴിഞ്ഞ ഇരുപതു മണിക്കൂറിലേറെയായി കേരളം മുഴുവൻ കാണാതായ ഏഴു വയസുകാരിക്കുവേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു.
പോലീസും നാട്ടുകാരും ഉറക്കമൊഴിച്ചു തെരച്ചിൽ തുടർന്നപ്പോൾ മലയാളികൾ മുഴുവൻ സൈബർ ലോകത്ത് കുട്ടിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങി.
ഒടുവിൽ എല്ലാ പ്രാർഥനകളും വിഫലമായി കുട്ടിയുടെ മരണവാർത്തയാണ് കേരളം രാവിലെ കേട്ടത്. നെടുമൺകാവിന് സമീപം ഇളവൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹമാണ് വീടിനു സമീപമുള്ള ഇത്തിക്കരയാറ്റിൽ നിന്ന് ഇന്നു രാവിലെ കണ്ടെത്തിയത്.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളായ ദേവനന്ദയാണ് മരിച്ചത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു കുട്ടിയെ കാണാതായത്. അമ്മ ധന്യ തുണി കഴുകാൻ പോയപ്പോൾ ദേവനന്ദ കൂടെയുണ്ടായിരുന്നു. കുട്ടിയോട് അകത്തു പോയിരിക്കാൻ അമ്മ പറഞ്ഞിരുന്നു. നാലുമാസം പ്രായമുള്ള ഇളയ മകൻ അകത്തു ഉറക്കമായിരുന്നതിനാൽ കൂട്ടിരിക്കാൻ കുട്ടിയോട് പറഞ്ഞു.
കുട്ടി അകത്തേക്ക് പോകുന്നത് കണ്ട ശേഷമാണ് അമ്മ തുണി കഴുകാൻ പോയത്. തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
പരിസരത്തൊന്നും കുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കളെയും പഞ്ചായത്ത് അംഗത്തേയും അറിയിക്കുകയായിരുന്നു.
അവർ വിവരം അറിയിച്ചതിനെതുടർന്ന് ഉടൻതന്നെ പോലീസെത്തി വീടും പരിസരവും പുഴകളിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായ വിവരം സോഷ്യൽമീഡിയ വഴിയും പ്രചരിച്ചിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ വീടിന് സമീപത്തെ പള്ളിക്കലാറ്റിൽ ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരെത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാവാമെന്ന അഭ്യൂഹവും നാട്ടിൽ പരന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും രാത്രി വൈകിയും പോലീസന് വിവരമൊന്നും ലഭിച്ചില്ല.
പോലീസിന്റെ ഡോഗ് സ്ക്വാഡ് തെരച്ചിൽനടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും അടങ്ങുന്ന സംഘം ഇന്നലെ രാത്രി മുഴുവൻ തെരച്ചിൽ നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ആറ്റിലേക്ക് ദൂരമുള്ളതിനാൽ കുട്ടി തനിച്ച് ഇവിടം വരെ വരില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവം അറിഞ്ഞയുടൻ പോലീസും നാട്ടുകാരും ഫയർഫോഴ്സും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. കുട്ടിയെ കാണാതായെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തിരുന്നു.
ഉന്നതഉദ്യോഗസ്ഥരുടെ പ്രത്യേക സംഘമാണ് കേസന്വേഷണചുമതല വഹിച്ചിരുന്നത്. ചാത്തന്നൂർ എസിപിക്കായിരുന്നു അന്വേഷണ ചുമതല. ഇന്നലെ രാത്രി വൈകിയും ഉന്നത പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തി.
രാത്രിതന്നെ കുട്ടിയുടെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
അതേ സമയം മസ്കറ്റിലായിരുന്ന ദേവനന്ദയുടെ പിതാവ് ഇന്നു രാവിലെ നാട്ടിൽ തിരിച്ചെത്തി.
ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരിസരവാസികൾ
കൊല്ലം : ഏഴുവയസുകാരി ദേവനന്ദയെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. വീട്ടിൽനിന്ന് കുറെ അകലത്തുള്ള പള്ളിക്കലാറ്റിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്.
അമ്മ തുണി കഴുകാൻ പോകുന്നതിനിടെ ഇത്രയും ദൂരം കുട്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് പരിസരവാസികൾ. മാത്രമല്ല ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ലെന്നും അവർ പറയുന്നു.
പ്രതിഷേധം ഉയർന്നതോടെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുമെന്ന് സിറ്റിപോലീസ് കമ്മീഷണർ നാട്ടുകാർക്ക് ഉറപ്പുനൽകി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
ഇന്നലെ മുതൽ വൻജനാവലിയാണ് ഇളവൂരിലെ വീട്ടിലെത്തിയിരുന്നത്. രാവിലെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ വൻജനാവലിയാണ് വീട്ടിലും പരിസരത്തും തടിച്ചുകൂടിനിൽക്കുന്നത്.
ഇവരെല്ലാംതന്നെ കുട്ടിയുടെ മരണത്തിലെ ആശങ്കപോലീസിനെ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കാണാതായത് 15 മിനിട്ടിനുള്ളിൽ
കൊല്ലം: ഇത്തിക്കരയാറ്റിൽ നിന്ന് ഇന്നു രാവിലെ 7.30ന് ദേവനന്ദ എന്ന ഏഴു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ വാർത്ത വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് ഇളവൂർ നിവാസികൾ.
പഠനത്തിലും കലാപ്രവർത്തനങ്ങളിലും മിടുക്കിയായിരുന്ന ദേവനന്ദ. ബുധനാഴ്ച സ്കൂളിൽ നടന്ന വാർഷികാഘോഷത്തിൽ ദേവനന്ദ കൃഷ്ണവേഷത്തിൽ നൃത്തമവതരിപ്പിച്ചിരുന്നു.
ഇന്നലെ സ്കൂൾ അവധിയായിരുന്നതിനാൽ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പോയതോടെ അമ്മയും നാലുമാസം പ്രായമുള്ള ഇളയ സഹോദരനും മാത്രമായിരുന്നു ദേവനന്ദയ്ക്ക് കൂട്ട്.
ഇതിനിടെയാണ് അമ്മ തുണി കഴുകാൻ പോയി വന്ന 15 മിനിട്ടിനിടെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് ആരും വീടിനു പരിസരത്ത് എത്തിയിരുന്നില്ലെന്നും വാഹനങ്ങളുടെ ശബ്ദം കേട്ടില്ലെന്നും അമ്മ പറയുന്നു.
ആറ്റിൽ കുറ്റിക്കാടിനോടു ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഇന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും വീഡിയോയിൽ ചിത്രീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.