മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടിലെത്തി ഒരു ടീമിന് വിജയം നേടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ അത് സംഭവിച്ചു.
റയലിനെ അവരുടെ ആരാധകരുടെ മുന്നില്‍ വച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളിനു തോല്പിച്ചു. അതും ഒരു ഗോളിനു പിന്നില്‍നിന്നശേഷമായിരുന്നു പെപ് ഗാര്‍ഡിയോളയുടെ സംഘം വിജയം നേടിയെടുത്തത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിലായിരുന്നു സിറ്റി ചരിത്ര ജയം കുറിച്ചത്. ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ സിറ്റി തോല്‍പ്പിക്കുന്നത്. പരിശീലകന് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളാണ് സിറ്റിക്ക് സാന്റിയാഗോ ബാര്ണാബുവില് വിജയമൊരുക്കിയത്.
യുവേഫയില്നിന്ന് രണ്ടു സീസണില്‍ വിലക്ക് നേരിടുന്ന സിറ്റിക്കും പ്രീമിയര്‍ ലീഗില്‍ ടീമിനെ മികവിലെത്തിക്കാനാവാതെ വിഷമിക്കുന്ന ഗാര്‍ഡിയോളയ്ക്കും ഈ ജയം ആശ്വാസം നല്‍കുന്നതാണ്.
യുവേഫയുടെ വിലക്കിനെതിരേ കായിക തര്‍ക്ക പരിഹാര കോടതി സിറ്റി സമര്‍പ്പിച്ച അപ്പീല്‍ ബുധനാഴ്ച ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. റഹീം സ്റ്റെര്‍ലിംഗ്, സെര്‍ജിയോ അഗ്വേറോ, ഡേവിഡ് സില്‍വ എന്നിവരെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താതെയാണ് ഗാര്‍ഡിയോള ടീമിനെ ഇറക്കിയത്.
ഒത്തിണക്കത്തോടെ കളിച്ച റയലിനെതിരേ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സിറ്റിക്കായില്ല. റിയാദ് മെഹ്റസിനെയും ബെര്‍ണാര്‍ഡോ സില്‍വയെയും തടഞ്ഞ് റയല്‍ സിറ്റിയുടെ മുന്നേറ്റത്തെ തടയുകയും ചെയ്തു.
82-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ വലകുലുക്കുകയും 78-ാം മിനിറ്റില്‍ സമനില നേടുന്നതിന് ഗബ്രിയേല്‍ ജീസസിനു ക്രോസ് നല്‍കുകയും ചെയ്ത കെവിന് ഡി ബ്രുയിന്റെ മികവാണ് എവേ ഗ്രൗണ്ടില്‍ സിറ്റിക്ക് ജയമൊരുക്കിയത്.
റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ടതും തിരിച്ചടിയായി. ഗബ്രിയേല്‍ ജീസസിനെ ഫൗള്‍ ചെയ്തതിനായിരുന്നു ചുവപ്പ് കാര്‍ഡ്. 60-ാം മിനിറ്റില്‍ ഇസ്കോ റയലിനെ മുന്നിലെത്തിച്ചു. വിനിഷ്യസ് ജൂണിയറുമായി കൗണ്ടര്‍ അറ്റാക്കിലാണ് ഗോളെത്തിയത്. ഇതോടെ റയലിന്റെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ചകൂടി.
രണ്ടാം ഗോളിനായുള്ള കരീം ബെന്സമയുടെയും റാമോസിന്റെ ശ്രമങ്ങളെ തടഞ്ഞ് പ്രതിരോധം നിലയുറപ്പിച്ചു. മറുവശത്ത് സിറ്റി പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു തുടങ്ങി. ബെര്‍ണാര്‍ഡോ സില്‍വയെ മാറ്റി പകരം സ്റ്റെര്‍ലിംഗിനെ കൊണ്ടുവന്നു. ഇത് ഫലം കണ്ടു. 78-ാം മിനിറ്റില്‍ ഡി ബ്രുയിന്റെ ക്രോസില്‍നിന്ന് ജീസസിന്റെ ഹെഡറിലൂടെ സിറ്റി സമനില നേടി.
ആറു മിനിറ്റ് കഴിഞ്ഞ് സ്റ്റെര്‍ലിംഗിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനല്‍റ്റി ഡി ബ്രുയിന് വലയിലുമാക്കി.തോല്‍വിക്കിടെ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് റയലിനെ രണ്ടാം പാദ ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയാകും. മാര്‍ച്ച് 17ന് എത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദം.
യുവന്റസിനെ ഞെട്ടിച്ച് ലിയോണ്‍
വന്‍ പ്രതീക്ഷകളോടെ ലിയോണിന്റെ ഗ്രൗണ്ടിലിറങ്ങിയ യുവന്റസിന് അപ്രതീക്ഷിത തിരിച്ചടി. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ലിയോണ്‍ 1-0ന് യുവന്റസിനെ തോല്പിച്ചു. ആദ്യ പകുതിയില്‍ ലൂകാസ് ടൗസാര്ട് നേടിയ ഗോളിലാണ് ലിയോണിന്റെ ജയം.
മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് ക്ലബ്ബാണ് ആക്രമണം ആരംഭിച്ചത്. 20-ാം മിനിറ്റില്‍ കാള്‍ ടോകോ എകാംബിയുടെ ഹെഡര്‍ ഗോള്‍കീപ്പര്‍ വോയിചെക് സിസെന്സി ക്രോസ്ബാറിനു മുകളിലൂടെ കുത്തിയകറ്റി. 31-ാം മിനിറ്റില്‍ ലിയോണ്‍ ലീഡ് നേടി. ഹൗസെം ഔവറിന്റെ പാസില്‍നിന്നാണ് ടൗസാര്ട് വലകുലുക്കിയത്.
രണ്ടാം പകുതിയില്‍ യുവന്റസ് കൂടുതല്‍ ശക്തമായി കളിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല. രണ്ടാം പകുതി തീരാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ പൗളോ ഡൈബല സമനില നേടിയെങ്കിലും താരം ഓഫ് സൈഡിലായിരുന്നതിനാല്‍ ഗോള്‍ നിഷേധിച്ചു. മാര്‍ച്ച് 17ന് ടൂറിനിലാണ് രണ്ടാംപാദം.