ഗാന്ധിനഗർ: തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന അമ്മഞ്ചേരി ഗ്രേസ് വില്ലയിൽ സിബി ജി. ജോണ്‍ (അമ്മഞ്ചേരി സിബി -38) ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ഗാന്ധിനഗർ പോലീസ്.
പീഡനക്കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് ഗാന്ധിനഗർ പോലീസ്. ഇയാളുടെ മൊബൈൽ ഫോണ്‍ പിടിച്ചെടുത്ത് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
സിബിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് പീഡനത്തിനിരയായ യുവതി മൊഴി നല്‍കിയിരിക്കുന്നത്. കടുത്തുരുത്തി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വാടകയ്ക്കു താമസിക്കുന്ന യുവതി ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയിലായിരുന്നു അറസ്റ്റ്.
പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃദ് ബന്ധം ഉപയോഗിച്ചാണ് ഇയാൾ പെണ്‍കുട്ടിയെ പ്രണയിച്ചത്. പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയിലെ ഡയാലിസ് ടെക്നീഷ്യനായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇയാൾ എത്തി.
തുടർന്നുള്ള സൗഹൃദം പ്രണയത്തിലെത്തി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പാലക്കാട്നിന്നും ട്രെയിൻ മാർഗം കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ സിബി കോട്ടയം നഗരത്തിലുള്ള ഒരു പ്രമുഖ ഹോട്ടലിൽ താമസിപ്പിച്ചു. പീഡനത്തിന് ശ്രമിച്ചപ്പോൾ പെണ്‍കുട്ടി എതിർത്തു.
തുടർന്ന് തോക്ക് ചൂണ്ടി ഭയപ്പെടുത്തിയശേഷം പീഡിപ്പിക്കുകയും അതിനുശേഷം യുവതിയുടെ നഗ്ന്ന ഫോട്ടോ മൊബൈലിൽ പകർത്തുകയും ചെയ്തതായി ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടിയും വീട്ടുകാരും പറഞ്ഞപ്പോഴാണ് ഇയാൾ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണെന്ന് അറിയുന്നത്.
ഈ നഗ്നചിത്രങ്ങൾ കാട്ടിയാണ് പ്രതി യുവതിയെ പലതവണ പീഡിപ്പിച്ചത്. ലക്ഷക്കണക്കിനു രൂപ കടം കൊടുക്കുന്ന ജോലിയായിരുന്നു ആദ്യം സിബിയുടേത്. പണം വാങ്ങിയവർ യഥാസമയം കൊടുക്കാതെ വന്നാൽ കൂട്ടുകാരേയും കൂട്ടി ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു രീതി.
വൻ ഗുണ്ടാസംഘങ്ങളുടെ തണലിലാണ് അമ്മഞ്ചേരി സിബിയും സംഘവും വിലസിയിരുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ മറവിൽ ബ്ലേഡ് ഇടപാടും ചീട്ടുകളിയുമായിരുന്നു സംഘം പ്രധാനമായും നടത്തിയിരുന്നത്.
ഗാന്ധിനഗർ, മെഡിക്കൽ കോളജ്, അതിരന്പുഴ എന്നിവിടങ്ങളിലാണ് സിബിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ ഇടപാടുകളെല്ലാം. വർഷങ്ങൾക്കു മുൻപ് എംജി സർവകലാശാലയിൽ കഎസ്യു, എസ്എഫ്ഐ സംഘർഷമുണ്ടായപ്പോൾ സിബിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമെത്തി ആക്രമണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
നാളുകൾക്കു മുന്‍പു ഗാന്ധിനഗറിൽ വൻ ചീട്ടുകളി നടത്തുകയായിരുന്ന സിബിയെയും ഗുണ്ടാ സംഘത്തെയും ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു ഗാന്ധിനഗർ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്വട്ടേഷൻ സംഘത്തെ പിടികൂടിയത്. തുടർന്നാണ് ഇയാൾ പീഡനക്കേസിൽ പിടിയിലായിരിക്കുന്നത്.