കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽത്തീരത്തെ പാറക്കെട്ടിൽ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ.
വലിയന്നൂരിലെ പുന്നക്കൽ നിധിനെ (28) യാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 120 സി, 119 എന്നീ വകുപ്പുകൾപ്രകാരം കൊലപാതക പ്രേരണ, വധ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കുഞ്ഞ് മരിച്ച തലേദിവസം പുലർച്ചെ ഒന്നോടെ നിധിൻ ശരണ്യയുടെ തയ്യിലിലെ വീട്ടിൽ എത്തിയതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു.
ഇതേത്തുടർന്നാണ് കാമുകനെ കൂടുതൽ ചോദ്യംചെയ്യലിനായി വിളിപ്പിച്ചതെന്ന് ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു. ഇയാളുടെ പല നീക്കങ്ങളും നിഗൂഢമായിരുന്നുവെന്നും വലിയ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് നിധിനെന്നും പോലീസ് പറഞ്ഞു.
ശരണ്യ കുറേക്കാലമായി കാമുകന്റെ നിയന്ത്രണത്തിലായിരുന്നു. ഇവർ തമ്മിലുള്ള ഫോൺസംഭാഷണങ്ങളും സുദീർഘമായ മൊബൈൽ ചാറ്റിംഗും പോലീസ് പരിശോധിച്ചു.
ചില ചാറ്റിംഗ് വിവരങ്ങൾ ഇരുവരും ഡിലീറ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ കൊന്നശേഷം കുറ്റം ഭർത്താവിൽ ചുമത്തി നിധിനുമൊന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതായി ചോദ്യം ചെയ്യലിൽ ശരണ്യ പോലീസിനോടു പറഞ്ഞു.
സാഹചര്യത്തെളിവുകൾ പരിശോധിച്ചാണ് കാമുകനെ പ്രതിയാക്കിയത്. കുട്ടിയെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നത്.
ഡിവൈഎസ്പിക്കുപുറമെ സിറ്റി സിഐ പി.ആർ. സതീശൻ, എഎസ്ഐമാരായ നെൽസൺ നിക്കോളാസ്, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അജയൻ, ഷാജി, ഗഫൂർ, സനീഷ്, ഷാജി എന്നിവരും എസ്പിയുടെ സക്വാഡ് അംഗങ്ങളായ സുജിത്ത്, സുഭാഷ്, അജിത്ത്, മനേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ക്രൂരനായ കാമുകൻ
കണ്ണൂർ: നാട്ടിൻപുറങ്ങളിൽ പെയിന്റിംഗ് ജോലി ചെയ്തുവന്നിരുന്ന ശരണ്യയുടെ കാമുകൻ നിധിൻ (28) ക്രൂരതയുടെയും നിഗൂഢതകളുടെയും പര്യായമായിരുന്നു.
രാഷ്ട്രീയ അനുഭാവം മറയാക്കിയ ക്രിമിനലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. തയ്യിലിൽ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയുടെ ഭർത്താവ് പ്രണവിന്റെ സുഹൃത്തായിരുന്നു നിധിൻ.
ഇവരുടെ ദാന്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത് ശരണ്യയുമായി അടുപ്പത്തിലാകുകയായിരുന്നു. അടുപ്പം വളർന്നതോടെ പൂർണമായും കാമുകന്റെ നിയന്ത്രണത്തിലായിരുന്നു ശരണ്യ. ഇതു മുതലെടുത്ത് പല നീചപ്രവൃത്തികൾക്കും കാമുകൻ ശരണ്യയെ പ്രേരിപ്പിച്ചു.
ശരണ്യയുടെ മുഴുവൻ സ്വർണാഭരണങ്ങളും അടിച്ചുമാറ്റി വിറ്റ് ധൂർത്തടിച്ചു. സ്നേഹം ഭാവിച്ച് കാമുകിയുടെ സ്വർണാഭരണങ്ങൾ ഓരോന്നായി വാങ്ങിയെടുക്കുകയായിരുന്നു.
കഴിഞ്ഞമാസം കണ്ണൂർ സിറ്റിയിലെ ഒരു ബാങ്കിൽനിന്ന് ഒരുലക്ഷം രൂപ ലോൺ എടുത്തുതരാൻ ശരണ്യയെ പ്രേരിപ്പിച്ചു. ലോണിന് അപേക്ഷിക്കുന്നതിനായി ഇരുവരും ഒരുമണിക്കൂറോളം ബാങ്കിൽ ചെലവഴിച്ച ദൃശ്യം ബാങ്കിലെ സിസിടിവിയിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
മാത്രല്ല കാമുകന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ലോൺ അപേക്ഷയും അനുബന്ധ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കുഞ്ഞിന്റെ കൊലപാതകമൊന്നും താൻ അറിഞ്ഞില്ലെന്ന് ഇയാൾ പറയുന്പോഴും ഗൂഢാലോചനയിൽ ഇയാളുടെ പങ്ക് വ്യക്തമാകുന്നുണ്ടെന്ന് പോലീസ് പറയുന്നു.
ശരണ്യയെ കാണാൻ ഇയാൾ നിരവധിതവണ രാത്രികാലങ്ങളിൽ തയ്യിലിലെ വീട്ടിൽ വരാറുണ്ട്. കുഞ്ഞ് മരിച്ചദിവസം ശരണ്യയെ പോലീസ് ചോദ്യംചെയ്യുന്പോൾ കമുകന്റെ ഫോൺകോൾ നിരന്തരം ശരണ്യയുടെ ഫോണിലേക്ക് വന്നുകൊണ്ടിരുന്നു.
ആദ്യം ഫോൺ എടുക്കാൻ ശരണ്യ തയാറായില്ല. ഫോൺകോൾ കട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ പോലീസിന് സംശയമായി. തുടർന്നാണ് ഫോണെടുക്കാൻ പോലീസ് ആവശ്യപ്പെട്ടത്.
ഫോൺ ലൗഡ് സ്പീക്കറിൽ ഇടാനും പോലീസ് നിർദേശിച്ചു. എത്രനേരമായി ഫോൺ വിളിക്കുന്നു, എന്താ എടുക്കാത്തതെന്ന് ആക്രോശിച്ച് ശരണ്യയെ കാമുകൻ ശകാരിക്കുകയായിരുന്നു. നിങ്ങൾ ആരാണ്, എനിക്ക് അറിയില്ല എന്ന് ശരണ്യ മറുപടിയും പറഞ്ഞു.
നിനക്ക് എന്നെ അറിയില്ലേയെന്നു പറഞ്ഞ് അസഭ്യംപറഞ്ഞ് കൂടുതൽ കാര്യങ്ങൾ പറഞ്ഞപ്പോഴാണ് കാമുകന്റെ പങ്ക് പോലീസിനു മനസിലായത്. തുടർന്ന് രണ്ടുപേരെയും വെവ്വേറെയും ഒരുമിച്ചും ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിൽ ഇയാൾക്കും പങ്കുള്ളതായി പോലീസിനു മനസിലായത്.
കൊലപാതകം നടന്ന ദിവസം രാവിലെ സ്റ്റേഷനിൽ വച്ച് ശരണ്യയ്ക്ക് കാമുകൻ ഫോൺ ചെയ്യുന്പോൾ കുട്ടി മരിച്ചകാര്യം ആസമയത്ത് അയാൾക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാൽ വൈകാതെ അറിഞ്ഞു. അന്നേദിവസം രാത്രി നാട്ടിലെ തിറ മഹോത്സവത്തിൽ യാതൊരു കൂസലുമില്ലാതെ പങ്കെടുക്കുകയും ചെയ്തു.
ക്രിമിനൽ സ്വഭാവമുള്ള ഇയാൾ ആരെയും വഞ്ചിക്കുകയും പണത്തിനുവേണ്ടി ക്രൂരകൃത്യങ്ങൾ ചെയ്യുന്ന ആളുമാണെന്ന് പോലീസ് പറഞ്ഞു.