അന്പലപ്പുഴ: മൃതദേഹം അടക്കം ചെയ്യാതെ പഞ്ചായത്ത് ജീവനക്കാരൻ മുങ്ങി. മോർച്ചറിക്ക് മുന്നിൽ രണ്ടു മണിക്കൂറോളം മൃതദേഹവും കാത്ത് പോലീസുകാരൻ.
ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മണിക്കൂറോളം കാവൽ നിന്നശേഷം പോലീസുകാരൻ ആർഎംഒ യുടെ അനുമതി വാങ്ങി മൃതദേഹം വീണ്ടും ഫ്രീസറിലേക്ക് മാറ്റി.
ബുധനൂർ പഞ്ചായത്തിലെ ജീവനക്കാരാണ് അജ്ഞാത മൃതദേഹത്തോട് ഈ അവഗണന കാണിച്ചത്. കഴിഞ്ഞ 13 ന് ബുധനൂർ കൊറ്റമേൽ പാലത്തിനുസമീപം അച്ചൻകോവിൽ ആറ്റിൽനിന്നാണ് മൃതദേഹം കിട്ടിയത്. മൂന്ന് ദിവസം പഴക്കമുള്ള 65 വയസു പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമായിരുന്നു.
പോലീസ് ഇത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ മൃതദേഹം ഏറ്റെടുത്ത് കൈമാറാൻ പഞ്ചായത്തിലെ എൽഡി ക്ലാർക്കുമായി ബുധനൂർ പോലീസ് സിപിഒ അരുണ്‍ എത്തി.
മൃതദേഹം പൊതുശ്മശാനത്തിൽ അടക്കം ചെയ്യാൻ അനുമതി വാങ്ങി വരാമെന്ന് പറഞ്ഞ് ആലപ്പുഴ നഗരസഭയിലേക്ക് പോയ പഞ്ചായത്ത് ജീവനക്കാരനെ പിന്നീട് കണ്ടില്ല.
മറ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം രണ്ടു മണിയോടെ മോർച്ചറിയുടെ പുറത്തിറക്കി ജീവനക്കാരനെയും കാത്ത് 16 ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിന് കാവലായി പോലീസുകാരൻ രണ്ടു മണിക്കൂറോളം നിന്നു. ജീവനക്കാരനെ ഫോണിൽ പല തവണ വിളിച്ചെങ്കിലും പ്രതികരിച്ചില്ല.
വീണ്ടും വൈകുന്നേരം അഞ്ചോടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പൊതുശ്മശാനത്തിൽ അടക്കം ചെയ്യാൻ നഗരസഭ അനുമതി നൽകാത്തതിനാൽ ബുധനൂരിലേക്ക് താൻ മടങ്ങിപ്പോയെന്ന മറുപടിയാണ് ജീവനക്കാരൻ നൽകിയത്.
ഇതോടെ പോലീസുകാരനും ആശങ്കയിലായി. പിന്നീട് ബുധനൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിവരം അറിയിച്ചപ്പോൾ നഗരസഭ പ്രദേശത്തെ മൃതദേഹങ്ങൾ മാത്രമേ ആലപ്പുഴയിലെ പൊതുശ്മശാനത്തിൽ അടക്കം ചെയ്യുകയുള്ളുവെന്നും തനിക്കിത് അറിയാമായിരുന്നെന്നുമാണ് പറഞ്ഞത്.
അതുകൊണ്ട് മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്നും പോലീസിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് പറഞ്ഞ് തട്ടിക്കയറിയതായും സിവിൽ പോലീസ് ഓഫീസർ അരുണ്‍ ആരോപിച്ചു. പിന്നീട് ആർഎംഒയുടെ അനുമതി വാങ്ങി വൈകുന്നേരം മൃതദേഹം ഫ്രീസറിലേക്ക് മാറ്റിയതിനുശേഷമാണ് പോലീസുകാരൻ മടങ്ങിയത്.