തളിപ്പറമ്പ്: സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷം ആറു മാസത്തിനപ്പുറം നീണ്ടില്ല, വര്‍ഷങ്ങളോളം കേബിള്‍ ടിവി രംഗത്തും വൈദ്യുതി ബോര്‍ഡിലെ കരാര്‍ തൊഴിലാളിയായും ജോലിനോക്കിയ ചാലത്തൂരിലെ രാജീവന് ഇന്നലെ തൃച്ചംബരത്ത് ജോലിക്കിടയില്‍ ഷോക്കേറ്റ് മരിച്ചത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ചാലത്തൂരിലും മംഗലശേരിയിലുള്ള നാട്ടുകാര്‍.
നാട്ടുകാരുടെ ഏത് പൊതു ആവശ്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടുള്ള രാജീവന് മംഗലശേരി മലബാര്‍ ജലോത്സവത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16 നാണ് ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം രാജീവന് കെഎസ്ഇബിയില്‍ മസ്ദൂര്‍ ജോലി ലഭിച്ചത്.
ഇതിന്റെ സന്തോഷത്തിനിടയിലാണ് മരണം രാജീവനെ തട്ടിയെടുത്തത്. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മംഗലശേരിയിലെ സമുദായ ശ്മശാനത്തില്‍ ഉച്ചക്ക് പന്ത്രണ്ടോടെ സംസ്ക്കരിച്ചു.
തൃച്ഛംബരത്ത് അറ്റകുറ്റപ്പണിക്കിടയില്‍ ഇന്നലെ ഉച്ചക്ക് 12.45 നാണ് സംഭവം. എന്‍എസ്എസ് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിന് മുന്നിലൂടെ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലേക്കുള്ള വഴിയിലെ വൈദ്യുതി ലൈനില്‍ പണിയെടുക്കുമ്പോഴാണ് സംഭവം.
ലൈനില്‍ പൊടുന്നനെയുണ്ടായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് പോസ്റ്റിന്റെ ചുവട്ടില്‍ നിന്ന രാജീവന് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഉടനെ രാജീവനെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വൈദ്യുതിലൈന്‍ ഓഫാക്കിയശേഷമാണ് പണി തുടങ്ങിയതെന്ന് രാജീവന്റെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരും വകുപ്പ് അധികൃതരും പറയുന്നു.
അതിനുശേഷം ലൈനില്‍ വൈദ്യുതി പ്രവാഹമുണ്ടായതിനെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരു വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അപകടം നടന്നയുടന്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ അന്വേഷണം നടക്കുകയുള്ളൂ. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനാണ് മരിച്ച രാജീവന്.
റിട്ട പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ പരേതനായ ആനിച്ചേരി കുഞ്ഞിരാമന്റെയും പുതിയ പുരയില്‍ ദേവിയുടെയും മകനാണ്.
ഭാര്യ: ദിവ്യ (അരിയില്‍ അങ്കണവാടി വര്‍ക്കര്‍). മക്കള്‍: അഭിനന്ദ് (തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി), ഋതുനന്ദ് (സെന്റ് സാവിയോ നഴ്സറി സ്കൂള്‍ യുകെജി വിദ്യാര്‍ഥി). സഹോദരങ്ങള്‍: പി.പി രാജേഷ് (ബംഗളൂരു), രതീഷ് (പാപ്പിനിശേരി സര്‍വീസ് സഹകരണ ബാങ്ക്).