മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ തെങ്കരയില്‍ കൃഷിയിടത്തിലൂടെയുള്ള റോഡിന് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. ചിറപ്പാടം പാടശേഖര സമിതിയുടെ പരിധിയില്‍ വരുന്ന തെങ്കര കനാല്‍ ജംഗ്ഷന് സമീപമുള്ള പാടശേഖരത്തിലാണ് സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് റോഡ് നിര്‍മാണം നടത്തുന്നത്.
തോടുകാട്, ചിറപ്പാടം പാടശേഖരങ്ങള്‍ക്ക് ഈറോഡ് വിലങ്ങുതടിയായി മാറുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തെങ്കര ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ രീതിയിലാണ് നെല്‍വയലുകള്‍ നികത്തുന്നത്. ചിറപ്പാടം പാടശേഖരത്തില്‍ തുടങ്ങിയ റോഡ് നിര്‍മാണമാണ് റവന്യൂ വകുപ്പ് ഇടപെട്ട് തടഞ്ഞത്.
ചിറപ്പാടം പാടശേഖരത്തില്‍ മാത്രം പന്ത്രണ്ട് ഹെക്ടര്‍ നെല്‍കൃഷിയാണ് ചെയ്തിരുന്നത്. ഇത് ഇപ്പോള്‍ അഞ്ചുഹെക്ടറില്‍ താഴെയായി. തെങ്കര കനാല്‍ അമ്പംകുന്ന് കനാല്‍ റോഡ് റോഡില്‍നിന്നും സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളിലേക്ക് ആധുനിക രീതിയിലുള്ള റോഡാണ് നിര്‍മിക്കുന്നത്.
ഇതിനെതിരെ പാടശേഖരസമിതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. മണ്ണാര്‍ക്കാട് താലൂക്കിലെ തണ്ണീര്‍തടങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ വ്യാപകമായാണ് വില്പന നടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയ സ്ഥലംവാങ്ങിക്കുകയും പിന്നീട് മണ്ണിട്ടുനികത്തിയും പിന്നീട് പ്ലോട്ടുകളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്.
റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നല്കിയ സ്ഥലമാണിത്. ഇതു വകവയ്ക്കാതെ കഴിഞ്ഞദിവസം ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് റവന്യൂവകുപ്പ് സ്ഥലം പഴയതുപോലെയാക്കുവാന് നിര്‍ദേശം നല്കി. തെങ്കര ഗ്രാമപഞ്ചായത്തിലെ ചിറപ്പാടം പാടശേഖരത്തില്‍ ഉള്‍പ്പെടുന്ന വയല്‍നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതുവഴി റോഡ് നിര്‍മിക്കുന്നത് പ്രദേശത്തെ കൃഷിയിടങ്ങളിലേക്കുള്ള ജലമൊഴുക്ക് പൂര്‍ണമായി തടസപ്പെടുകയും പ്രദേശത്തെ നെല്‍കൃഷിയേയും ബാധിക്കും. കഴിഞ്ഞ പത്തുവര്‍ഷംമുമ്പ് ചിറപ്പാടം പാടശേഖരം പൂര്‍ണമായ കൃഷിയിടങ്ങള്‍ ആയിരുന്നു.
അതിനുശേഷം വ്യാപകമായ തോതില്‍ ഭൂമി കൈമാറ്റം നടത്തുകയും ഭൂമി വാങ്ങിയ വ്യക്തികള്‍ നെല്‍പ്പാടങ്ങളില്‍ മുഴുവന്‍ തെങ്ങുകളും വിവിധ മരങ്ങളും വച്ചുപിടിപ്പിക്കുകയുമായിരുന്നു.
ഇതേതുടര്‍ന്ന് ചിറപ്പാടം പാടശേഖരത്തില്‍ മുപ്പതുശതമാനത്തോളം മറ്റു വിളകള്‍ക്കായി വഴിമാറി. ഇവിടെ നെല്‍കൃഷി വ്യാപകമായ തോതില്‍ കുറയുകയും ചെയ്തു. മൂന്നു വിള കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങളായിരുന്നു ഇത്.