ന്യൂഡൽഹി: ഫെബ്രുവരി 26 ബുധനാഴ്ച അർധരാത്രിയിലാണ് അൽഹിന്ദ് ആശുപത്രി ഡയറക്ടർ ഡോ. എം.എ. അൻവറിനെ തേടി തികച്ചും അപ്രതീക്ഷിതമായ ഒരു ഫോണ് വിളി എത്തുന്നത്.
ഡൽഹി ഹൈക്കോടതി ജസ്റ്റീസ് എസ്. മുരളീധർ ആയിരുന്നു ഫോണിന്റെ മറുവശത്ത്. കലാപത്തിൽ പരിക്കേറ്റവരെ പ്രവേശിച്ചിരിക്കുന്ന അൽഹിന്ദ് ആശുപത്രിയിലെ വിവരങ്ങൾ ചോദിച്ചറിയാനാണു ജഡ്ജി നേരിട്ടു വിളിച്ചത്.
അന്ന് അർധരാത്രി തന്നെയാണ് ഡൽഹി ഹൈക്കോടതി അസാധാരണമായി കൂടിച്ചേർന്നു കലാപത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഡൽഹി പോലീസിനു നിർദേശം നൽകിയത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക നിലപാടുകൾ സ്വീകരിച്ച ജസ്റ്റീസ് എസ്. മുരളീധറിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.
മുസ്തഫാബാദ് പ്രദേശത്തെ ഒരു ചെറിയ ആശുപത്രിയാണ് അൽഹിന്ദ് ആശുപത്രി. കലാപം നടന്ന ദിവസങ്ങളിൽ മുറിവേറ്റവരെക്കൊണ്ട് ഇവിടം നിറഞ്ഞിരുന്നു.
പക്ഷേ ബുധനാഴ്ച ആയതോടെ അക്രമികൾ പ്രദേശം കീഴടക്കി നിലയുറപ്പിക്കുകയും ആശുപത്രിയിലേക്ക് ആംബുലൻസ് വരുന്നതു തടയുകയും ചെയ്തു.
തുടർന്ന് ആശുപത്രിയിൽ നിന്നു വിളിച്ചാൽ ആംബുലൻസ് ഡ്രൈവർമാർ ഭയം കാരണം വരാതായി. സാരമായ പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ഡോ. അൻവർ ഒന്നിനു പുറകേ ഒന്നായി ആംബുലൻസ് സർവീസുകളിലേക്ക് ഫോണ് ചെയ്തു കൊണ്ടിരുന്നു.
102 ഉൾപ്പടെയുള്ള നന്പറുകളിലേക്കു വിളിച്ചിട്ടും സുരക്ഷാ കാരണങ്ങളാൽ ആംബുലൻസ് അയയ്ക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.
നഗരത്തിലെ വലിയ ആശുപത്രികളിലെ പല സുഹൃത്തുക്കളുമായും ബന്ധപ്പെട്ട ശേഷമാണ് ഒരു ആംബുലൻസ് എങ്കിലും സംഘടിപ്പിക്കാനായത്.
കലാപബാധിത പ്രദേശത്തെ ഒരേയൊരു ആശുപത്രിയിൽനിന്നാണ് രാത്രി സഹായത്തിന് വിളിച്ചിട്ട് കോടതി ഇടപെടും വരെ തിരിഞ്ഞു നോക്കാതെ ഡൽഹി പോലീസ് അടക്കം മുഖംതിരിഞ്ഞു നിന്നത്.
അൽഹിന്ദ് ആശുപത്രി അധികൃതർ ഒരു സ്വകാര്യ ആംബുലൻസ് ഏർപ്പെടുത്തിയെങ്കിലും അതും ദയാൽപുർ പോലീസ് വഴിയിൽ തടഞ്ഞുവെന്നാണ് വിഷയം രാത്രി തന്നെ ഡൽഹി കോടതിയിൽ ഹർജിയായി എത്തിച്ച അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ സുരൂർ മന്ദർ പറഞ്ഞത്.
സഹായിക്കാൻ വിസമ്മതിച്ചതിനു പുറമേ അനുവാദമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ആംബുലൻസ് മുന്നോട്ടു പോകുന്നതും പോലീസ് തടഞ്ഞുവെന്നും സുരൂർ പറഞ്ഞു. പലരെയും സഹായത്തിനു വിളിച്ച് ഒടുവിൽ ഒരു വഴിയുമില്ലാതെ ആയപ്പോഴാണ് ഡോ. അൻവർ അഭിഭാഷകയായ സുരൂർ മന്ദറെ സഹായത്തിന് വിളിച്ചത്.
അങ്ങനെയാണ് രാത്രി തന്നെ സുരൂർ മന്ദർ കോടതിയെ സമീപിക്കുന്നത്. വിഷയം കേട്ട ഉടനെയാണ് ജസ്റ്റീസ് മുരളീധർ ഡോ. അൻവറിനെ നേരിട്ട് വിളിച്ച് വിവരങ്ങൾ തിരക്കിയത്.
ആദ്യം വീഡിയോ കോൾ വിളിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പിന്നീട് മൊബൈലിൽ തന്നെ വിളിക്കുകയായിരുന്നു.
രണ്ടു നിലയുള്ള ആശുപത്രിയിൽ ആകെ ആറു ഡോക്ടർമാർ ഉണ്ടെങ്കിലും അത്യാഹിത സമയത്ത് മൂന്നു ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്.
കിടക്കകൾ നിറയെ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞപ്പോൾ ആശുപത്രിയിൽ അത്യാവശ്യ മരുന്നുകളും തീർന്നു തുടങ്ങിയിരുന്നു. അന്നു രാത്രിയാണ് ജസ്റ്റീസ് എസ്. മുരളീധർ ആശുപത്രി ഡയറക്ടർ അൻവറിനെ വിളിച്ച് സ്ഥിതിഗതികൾ തിരക്കിയത്.
തൊട്ടുപിന്നാലെ തന്നെ രാത്രി 12.36ന് ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റീസുമാരായ എസ്. മുരളീധറും അനുപ് ജയറാം ഭംബാനിയും ചേർന്ന് അൽഹിന്ദ് ആശുപത്രിയിൽ പരിക്കേറ്റവരെ എത്രയും വേഗം ആംബുലൻസുകൾ എത്തിച്ച് മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് ഡൽഹി പോലീസിന് നിർദേശം നൽകി.
ആശുപത്രിയിൽ നിന്ന് എത്ര രോഗികളെ എവിടേക്കൊക്കെ മാറ്റി എന്നതുസംബന്ധിച്ച് പുലർച്ചെ 2.15നു തന്നെ അടിയന്തര റിപ്പോർട്ട് നൽകണമെന്നും ജസ്റ്റീസ് മുരളീധർ ഉൾപ്പടെയുള്ള ഹൈക്കോടതി ബെഞ്ച് ഡൽഹി പോലീസിന് നിർദേശം നൽകിയിരുന്നു.
ഡൽഹി കോടതി ഉത്തരവ് ഇടുന്നതുവരെ നിരന്തരം അഭ്യർഥിച്ചിട്ടും ഡൽഹി പോലീസ് ഉൾപ്പെടെ ആരും തന്നെ ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ലെന്നാണ് ഡോ. അൻവർ പറഞ്ഞത്.
രാത്രി രണ്ടുമണിയോടെയാണ് ആംബുലൻസ് എത്തി ഗുരുതര പരിക്കേറ്റവരെ മറ്റ് ആശുപത്രിയിലേക്കു കൊണ്ടു പോയതെന്ന് അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഘയാറുൾ ഹസൻ പറഞ്ഞു.
രാത്രി വൈകിയതോടെ ആശുപത്രിയിലെ ഓക്സിജൻ മാസ്കുകൾ അടക്കം തീർന്നുതുടങ്ങിയിരുന്നു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടർ മുഹമ്മദ് വസീം അക്രം പറഞ്ഞത്. ഓക്സിജൻ ലഭിക്കാതിരുന്നതുകൊണ്ടു മാത്രം ഇവിടെയെത്തിച്ച രണ്ടു പേർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സെബി മാത്യു