
ഏറ്റുമാനൂർ: കെഎസ്ആർടിസി ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്്ടർക്കുമെതിരെ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏറ്റുമാനൂർ സിയോണ്‍ കവലയിൽ വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻബത്തേരി മീനങ്ങാടി വളവയിൽ പേപ്പതിയിൽ പി.എം. ഷിബു (48) ആണ് മരിച്ചു. ഇന്നലെ രാത്രി 11.45നു ഏറ്റുമാനൂർ ക്ഷേത്രത്തിന് പടിഞ്ഞാറെനടയ്ക്കു സമീപമായിരുന്നു അപകടമുണ്ടായത്.
തിരുവനന്തപുരത്തു നിന്നു സുൽത്താൻബത്തേരിക്കു പോകുകയായിരുന്നു കഐസ്ആർടിസിയുടെ മിന്നൽ ബസാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിൽ എത്തിയ ബസ്, തടിലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ ഷിബുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആകാശത്തേക്കു ഉയർന്നു പൊങ്ങിയ ഷിബു, ബസിന്റെ ചില്ലിൽ വന്നിടിച്ചു. തുടർന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ബസിന്റെ മുൻ ചക്രങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന ബൈക്കിനെ 40 മീറ്ററോളം വലിച്ചിഴച്ചശേഷമാണ് ബസ് നിന്നത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഭാര്യ: ഷിജി.