കായംകുളം: പുല്ലുകുളങ്ങരയിൽ ഒരാഴ്ച മുന്പ് ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിലെ പ്രതികളെ പിടികൂടാൻ പോലീസിന് സഹായകമായത് സിസി ടിവി ദൃശ്യങ്ങൾ. സംഭവശേഷം ഒളിവിലായ പ്രതികളെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.
തിരുവല്ല തുകലശേരി പൂമംഗലത്ത് ശരത്ത് (34) കായംകളം ആറാട്ടുപുഴ പട്ടോളി മാർക്കറ്റിന് സമീപം പെരുമന പുതുവൽ വീട്ടിൽ സുധീഷ്(38 ) എന്നിവരാണ് കനകക്കുന്ന് പോലീസിന്റെ പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പുതുപ്പള്ളി പുത്തൻവീട്ടിൽ ബഷീർ കുട്ടിയുടെ ഉടമസ്ഥതയിലുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ബീനാ ജ്വല്ലറിയിൽ കഴിഞ്ഞയാഴ്ചയാണ് കടയുടെ ഭിത്തി കുത്തിത്തുരന്ന് കവർച്ച നടന്നത്. ജ്വല്ലറിയിൽ നിന്ന് 28700 രൂപയും 15 പവന്റെ സ്വർണവുമാണ് കവർച്ച ചെയ്തത്. കടയോട് ചേർന്നായിരുന്നു ഉടമ താമസിച്ചിരുന്നത്. കടയുടെയും വീടിന്റെയും ഭിത്തി ഒന്നായിരുന്നു.
ഈ ഭിത്തി തുരന്ന് അകത്തുകയറിയായിരുന്നു മോഷണം. കെട്ടിട ഉടമയും കുടുംബവും സ്ഥലത്ത് ഇല്ലാത്ത തക്കം നോക്കിയായിരുന്നു കവർച്ച. വീടിന്റെ അടുക്കള ഭാഗത്തുള്ള ഗ്രില്ലും വാതിലും മോഷണ സംഘം തകർക്കുകയും ചെയ്തിരുന്നു. ലോക്കർ തുറക്കാൻ കഴിയാതിരുന്നതിനാൽ കൂടുതൽ സ്വർണം അപഹരിക്കാൻ പ്രതികൾക്കായില്ല.
കനകക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീകാന്ത്, എസ്.നായർ, അബ്ദുൽ ലത്തീഫ്, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ ഇല്യാസ്, സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഷഫിക്ക്, അരുണ് ഭാസ്ക്കർ, എഎസ്ഐ മാരായ, നിസാറുദ്ദീൻ, ഷമ്മി, എബി എന്നിവരുടെ നേതൃത്വത്തിൽ ചൂളത്തെരുവിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ ചൂളത്തെരുവിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയും സ്ഥിരമായി മോഷണം നടത്തി വരികയുമായിരുന്നെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കുറത്തികാട്, കായംകുളം പുളളി കണക്ക്, കാക്കനാട് ഉൾപടെ വിവിധ ഇടങ്ങളിൽ നിരവധി വീടുകൾ കേന്ദ്രീകരിച്ച് പ്രതികൾ മോഷണം നടത്തിയതായി പ്രതികൾ മൊഴി നൽകിയെന്നും പോലീസ് പറഞ്ഞു.
പിടിയിലായ സുധീഷ് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ജയിലിൽ വെച്ചാണ് ശരത്തുമായി പരിചയത്തിലായതെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.