അഞ്ചല്‍ : തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടിപാലത്തിന് സമീപത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയിട്ട് ഇന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ അന്വേഷണം എങ്ങുമെത്തിയില്ല.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് പ്രധാന പാതയോരത്ത് നിന്നും 12 പാകിസ്ഥാന് നിര്‍മ്മിതവും, 2 ചൈന നിര്‍മ്മിതവുമായ 14 വെടിയുണ്ടകള്‍ കണ്ടെടുത്തത്. പാകിസ്താന് നിര്‍മിത വെടിയുണ്ടയാണ് കണ്ടെത്തിയത് എന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും, എന്‍ഐഎ യും അന്വേഷണം ആരംഭിക്കുകയും സംസ്ഥാന എടിഎസ് ന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയുമാണ്.
ചില തെളിവുകളും, സൂചനകളും ലഭിച്ചുവെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസം സ്ഥലം സന്ദര്‍ശിച്ച ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി ഇക്കാര്യം ആവര്‍ത്തിച്ചു. കേസ് എടിഎസ് തന്നെ കണ്ടുപിടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നതാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കുളത്തുപ്പുഴ മടത്തറ പാതയില്‍ ഭൂരിഭാഗം സ്ഥലങ്ങളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്.
എടിഎസ് തലവന്‍ അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തില്‍ 21 അംഗം സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തില്‍ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഡിവൈഎസപിമാര്, സിഐമാര്‍ എസ്ഐമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.
അതേസമയം വെടിയുണ്ട കണ്ടെത്തിയ പ്രദേശത്ത് വെള്ളിയാഴ്ച ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി. വെടിയുണ്ട കണ്ടെടുത്ത ഭാഗത്തെ പാതയുടെ ഇരുവശങ്ങളിലായി ഇരുനൂറ് മീറ്റര്‍ ചുറ്റളവ് പ്രദേശത്തും വന ഭാഗത്തുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
എന്നാല്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിജസ്ഥിതി പുറത്തുകൊണ്ടുവരണം എങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് ബി ബി ഗോപകുമാര്‍ പറഞ്ഞു. രണ്ടു വിദേശ രാജ്യങ്ങളുടെ വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന ഗൗരവം മനസിലാക്കണം.
കിഴക്കന്‍ മേഖലയില്‍ തീവ്രവാദ സനിധ്യമുണ്ടെന്നു മുമ്പും മനസിലാക്കിയിട്ടുള്ളതാണ്. ബിജെപി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഉന്നയിചിട്ടുള്ളതുമാണ്. എന്നാല്‍ കാര്യമായ അന്വേഷണം എങ്ങും ഉണ്ടായിട്ടില്ല എന്നും ബി ബി ഗോപകുമാര്‍ കുളത്തുപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.