കൊല്ലം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പാചക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മൂന്നുവർഷത്തെ വേതന കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ എൻ ടിയു സി)സംസ്ഥാന ജനറൽ സെക്രട്ടറി എ ഹബീബ് സേട്ട് ആവശ്യപ്പെട്ടു.
മിനിമം വേതനം 700 രൂപയായി ഉയർത്തണമെന്നും, അവധിക്കാല വേതനം പ്രതിമാസം 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും, ഒരു തൊഴിലാളിയെകൊണ്ട് 500 കുട്ടികൾക്ക് ഉച്ച ഭക്ഷണം തയാറാക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നിലവിലുള്ള തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കുക പ്രായാധിക്യം മൂലം വിരമിക്കുന്നവർക്ക് മതിയായ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുക, 5 വർഷമായി പാചക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സ്ഥിര നിയമനം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് സംഘടന രൂപം നൽകുമെന്നും എ ഹബീബ് സേട്ട് അറിയിച്ചു.