തൃശൂർ: ആഭ്യന്തര സെക്രട്ടറിയിൽനിന്നും റിപ്പോർട്ട് എഴുതിവാങ്ങിയാൽ മാഞ്ഞുപോകുന്നതല്ല പോലീസിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടെന്നും വെടിയുണ്ടകൾ കാണാതായ സംഭവമുൾപ്പടെയുള്ള പോലീസിലെ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തൃശൂർ ഡിസിസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയാണ് പോലീസിൽ നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയറിയാതെ ഇതൊന്നും നടക്കില്ല. അഴിമതിയുടെ പങ്കുപറ്റിയതുകൊണ്ടാണ് മുഖ്യമന്ത്രി ഡിജിപിയെ ഭയക്കുന്നത്.
അഴിമതി ഒളിച്ചുവയ്ക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നു താൻ പറഞ്ഞപ്പോൾ പദ്ധതി ആരംഭിച്ചിട്ടില്ലെന്നു പറഞ്ഞ് പ്രതിരോധിച്ചെങ്കിലും രണ്ടുദിവസം മുന്പ് രാത്രിയിൽ പദ്ധതിയുടെ ടെൻഡർ റദ്ദാക്കിയതായി ഉത്തരവ് വന്നു.
ഇടപാടിൽ അഴിമതി നടന്നുവെന്നു സർക്കാർതന്നെ സമ്മതിച്ചതിനു തെളിവാണ് ടെൻഡർ റദ്ദാക്കൽ. പ്രളയഫണ്ട് വിനിയോഗത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റീബിൽഡ് കേരള പദ്ധതിയുടെ മറവിൽ ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്.
റീബിൽഡ് കേരളയ്ക്കു ലോകബാങ്കിൽനിന്നു ലഭിച്ച വായ്പയുടെ ഒന്നാംഗഡുവായ 1779.58 കോടി രൂപ സർക്കാർ വകമാറ്റി ചെലവഴിച്ചു. ആ പണം ഇപ്പോൾ എവിടെ പോയെന്ന് ആർക്കും അറിയില്ല. കഴിഞ്ഞ ബജറ്റിൽ കേരള പുനർനിർമാണത്തിനായി ആയിരം കോടി രൂപ വകയിരുത്തിയിരുന്നു.
പ്ലാനിംഗ് ബോർഡിന്റെ പുതിയ കണക്കുപ്രകാരം ആയിരം കോടിയിൽനിന്നും ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്നു വ്യക്തമാണ്. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്പോഴും സർക്കാർതലത്തിൽ ധൂർത്ത് തുടരുകയാണ്.
ഓരോ മാസവും 1.44 കോടി രൂപ അധികം ചെലവിട്ടാണ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും യാത്രചെയ്യാനായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. സാന്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് സംസ്ഥാനത്തെ ജയിലുകളിൽ ജോലിചെയ്യുന്ന തടവുപുള്ളികൾക്കുപോലും കഴിഞ്ഞ നാലുമാസമായി ശന്പളം നൽകാത്ത അവസരം നിലനിൽക്കെയാണ് ഈ ധൂർത്തെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.